വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയ കാമുകിയെ വഴിയില്‍ വച്ച് ഗുണ്ടകള്‍ ആക്രമിച്ചത് തടയാനെത്തിയ യുവാവിന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ ഗൗരാന്‍നഗറില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സങ്കേത് ചാറ്റര്‍ജിയെന്ന 29കാരനാണ് കൊല്ലപ്പെട്ടത്. വാഗ്വാദത്തെ തുടര്‍ന്ന് സങ്കേതിന്‍റെ കാമുകി ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിപ്പോയെന്നും തുടര്‍ന്നാണ് ദാരുണ സംഭവമുണ്ടായതെന്നും പൊലീസ് പറയുന്നു. യുവതി വഴിയിലേക്ക് ഇറങ്ങിപ്പോയതിന് പിന്നാലെ മൂന്ന് യുവാക്കള്‍ ഒപ്പം കൂടുകയും വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട് ഓടിയെത്തിയ സങ്കേത് യുവതിയെ രക്ഷിച്ചെങ്കിലും ഗുണ്ടകളിലൊരാളുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. 

ഇഷ്ടിക കൊണ്ട് അക്രമികളിലൊരാള്‍ സങ്കേതിന്‍റെ തലയ്ക്കടിച്ചു. നിലത്ത് വീണതോടെ മുളങ്കമ്പിന് പൊതിരെ തല്ലിയെന്ന് കുടുംബം പറയുന്നു. സഹായത്തിനായി യുവതി സമീപത്തെ വീടുകളില്‍ മുട്ടിയെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സങ്കേതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ എട്ടുമണിയോടെ സങ്കേത് മരണത്തിന് കീഴടങ്ങുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇത് മരണകാരണമായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സങ്കേതിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഒന്നരവര്‍ഷമായി കാമുകിക്കൊപ്പം താമസിച്ച് വരികയായിരുന്നു സങ്കേതെന്നും വൈകാതെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും സങ്കേതിന്‍റെ സഹോദരി വെളിപ്പെടുത്തി. രണ്ടുകുടുംബവും വിവാഹത്തിന് സമ്മതിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രൂരകൊലപാതകത്തില്‍ കേസെടുത്ത പൊലീസ് സംബു മണ്ഡല്‍, സാഗര്‍ ദാസ്, രാജു ഘോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ENGLISH SUMMARY:

A 29-year-old man, Sanket Chatterjee, was brutally beaten to death in Gauranganagar, Kolkata, while trying to save his girlfriend from a gang attack. The assault followed a domestic dispute that led the woman to leave home at night. Despite efforts to seek help, no one intervened.