തിരുവനന്തപുരത്ത് ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്‍റെയും ഭാര്യ കൃഷ്ണപ്രിയയുടെയും ഒരു വയസുകാരന്‍ അപ്പുവെന്ന് വിളിക്കുന്ന ഇഹനാണ് വെള്ളിയാഴ്ച രാത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കൃഷ്ണപ്രിയയുടെ കുടുംബം ആരോപിക്കുന്നത്.
ഷിജിലിനും കൃഷ്ണപ്രിയക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇടക്കാലത്ത് പിരിഞ്ഞ് താമസിച്ചിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.
സംഭവദിവസം വൈകുന്നേരത്തോടെ ഷിജില്‍ ബിസ്കറ്റും മുന്തിരിയും കുഞ്ഞിന് നല്‍കിയെന്നാണ് കുഞ്ഞിന്‍റെ അമ്മയായ കൃഷ്ണപ്രിയ പറയുന്നത്. മുന്തിരി കഴിച്ച് അര മണിക്കൂറിനകം കുഞ്ഞിന്‍റെ വായില്‍ നിന്ന് നുരയും പതയും വന്നുവെന്നും ശരീരത്തിന്‍റെ നിറം മാറിയെന്നും കൃഷ്ണപ്രിയ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ പൊലീസ് കൃഷ്ണപ്രിയയെയും ഷിജിലിനെയും ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടോയെന്നതില്‍ ഒരു നിഗമനത്തിലേക്കും പൊലീസ് ഇതുവരെ എത്തിയിട്ടില്ല. ഫൊറന്‍സിക് ഫലം പരിശോധിച്ച് മരണകാരണം സംബന്ധിച്ച് ഡോക്ടര്‍മാരുടെ അഭിപ്രായവും തേടിയ ശേഷമാകും തുടര്‍നടപടികള്‍. കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുഞ്ഞിന്‍റെ കഴുത്തില്‍ ഒരു മുറിവ് കണ്ടെത്തിയിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നതിലും ഇത് മരണകാരണമായോ എന്നതിലും വിശദമായ വിവരം തേടും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരമുണ്ടാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.