സിപിഎം ഏരിയ കമ്മിറ്റി അംഗമായ അടൂർ നഗരസഭ ചെയർപേഴ്സന്‍ ലഹരി മാഫിയ ബന്ധം ആരോപിച്ച് ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലർ. സിപിഎം കൗൺസിലർ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സൻ ദിവ്യ മുഹമ്മദിനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് പിന്നാലെ നഗരസഭയിലേക്ക് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ മാർച്ച് നടത്തി.
സിപിഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ലഹരിക്കച്ചവട കേന്ദ്രമായ ഒരു കടയ്ക്കെതിരെ നടപടി എടുക്കുന്നില്ല പലവട്ടം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടാകില്ലെന്നും റോണി പാണംതുണ്ടിൽ ആരോപിച്ചു.
ശുദ്ധ അസംബന്ധം എന്ന് ചെയർപേഴ്സൺ പ്രതികരിച്ചു. ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതാണ്. ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണ് എന്നും ചെയർപേഴ്സൺ ദിവ്യ മുഹമ്മദ് റെജി ആരോപിച്ചു.എന്നാല്‍ ആരോപണം ഉന്നയിച്ച കൗണ്‍സിലറോട് വിശദീകരണം തേടാനാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. അനാവശ്യ ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് അടൂര്‍ ഏരിയാ സെക്രട്ടറി എസ്.മനോജ് ആരോപണത്തിന് പിന്നാലെ കോൺഗ്രസ്–യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവത്തകരും നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.