പ്രതി കിരണ്‍, കൊല്ലപ്പെട്ട ദിനേശന്‍.
ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത്. അമ്മയുമായുള്ള ദിനേശന്റെ അടുപ്പത്തിൽ മകന്‍ കിരണിനും അച്ഛൻ കുഞ്ഞുമോനും നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇതിനുമുന്‍പും കിരണ്‍ ദിനേശനെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഏതാനുംമാസം മുന്‍പ് രാത്രി വീട്ടിലെത്തിയ ദിനേശനെ വൈദ്യുതി കമ്പി മുറ്റത്തിട്ട് ഷോക്കടിപ്പിക്കാൻ കിരൺ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ദിനേശന്‍ രക്ഷപ്പെട്ടത്.
മരംവെട്ട് തൊഴിലാളിയായ ദിനേശൻ രണ്ടു വർഷമായി വീട്ടുകാരുമായി അകന്നാണ് കഴിഞ്ഞിരുന്നത്. ദിനേശന് തന്‍റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ മുൻപ് വഴക്കുണ്ടായിരുന്നു. ഇക്കാര്യം ദിനേശന്‍റെ മകള്‍ ദീപ്തി വെളിപ്പെടുത്തിയിട്ടുണ്ട്. കിരണ്‍ ദിനേശനെ മര്‍ദിച്ചവശനാക്കി, ബോധം പോലുമില്ലാത്ത അവസ്ഥയിലായിരുന്നു ദിനേശനെന്ന് അയല്‍വാസിയായ ഒരു സ്ത്രീ തന്നെ അറിയിച്ചിരുന്നു എന്നാണ് ദീപ്തി പറഞ്ഞത്. ALSO READ; 'മൂന്നാല് മാസം മുന്‍പ് ദിനേശന്‍ വീട്ടിലെത്തിയത് കിരണ്‍ കണ്ടു; മര്‍ദ്ദിച്ച് ബോധം കെടുത്തി'
'അച്ഛനുമായി വലിയ ബന്ധമില്ലാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതലൊന്നു തിരക്കാന്‍ പോയില്ല. അമ്മയ്ക്ക് സ്ട്രോക്ക് വന്നിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ തന്നെയാണ്.' ദിനേശനും കിരണും തമ്മില്‍ പിന്നീട് വഴക്കുണ്ടായോ എന്നറിയില്ലെന്നും ദീപ്തി പറയുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വൈദ്യുതാഘാതമേറ്റതാണെന്ന് കണ്ടെത്തി. എന്നാല്‍ പരിസരപ്രദേശങ്ങളിലെങ്ങും അതിനുള്ള സാഹചര്യമില്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.
പൊലീസിന്‍റെ രഹസ്യാന്വേഷണത്തിൽ അയൽവാസിയായ കുഞ്ഞുമോനും മകൻ കിരണുമായി ദിനേശന് ശത്രുത ഉണ്ടെന്ന് മനസിലായി. ഇതാണ് കിരണിനെ കുടുക്കിയത്. കിരണിനെക്കൂടാതെ കൊലയ്ക്ക് കൂട്ടുനിന്നതിന് കിരണിന്‍റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കിരണും പിതാവ് കുഞ്ഞുമോനും ചേർന്ന് വീടിനു പിന്നിൽ ദിനേശൻ വരുന്ന വഴിയിൽ വൈദ്യുതിക്കെണി ഒരുക്കി. പ്രത്യേകം വയർ ഘടിപ്പിച്ച് വൈദ്യുതി കടത്തിവിട്ടാണ് ഷോക്കേൽപ്പിച്ചത്. മൃതദേഹം കിരണും കുഞ്ഞുമോനും കൂടി ചുമന്നു കൊണ്ടുപോയി വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് കിരണിന്‍റെ അമ്മ അശ്വമ്മയെ കസ്റ്റഡിയിൽ എടുത്തത്. ALSO READ; വീട്ടില്‍ വൈദ്യുതി കെണി; അമ്മയുടെ ആൺ സുഹൃത്തിനെ കറണ്ടടിപ്പിച്ച് കൊന്ന് മകന്‍
കൊലപാതകത്തിനു ശേഷം ദിനേശന്‍റെ സംസ്കാരചടങ്ങുകളില്‍ ആദ്യാവസാനം കിരണ്‍ പങ്കെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും സംസ്കാരച്ചടങ്ങിലുമെല്ലാം കിരൺ മുന്നിൽതന്നെയുണ്ടായിരുന്നു. ഇതിനിടെ 'ദിനേശൻ പാവമായിരുന്നു' എന്ന് കിരൺ പറഞ്ഞതായി ചില പ്രദേശവാസികള്‍ വെളിപ്പെടുത്തി.