കൊല്‍കത്തയില്‍ നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിലാണ് സംഭവം. കൊലപാതകത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ ഭാര്യയേയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 24 കാരിയായ റോഫിയ സാക്കിൾ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
വ്യാഴാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ഇഎം ബൈപാസിലെ റോഡരികിലെ ചായക്കടയിൽ തന്‍റെ ആണ്‍ സുഹൃത്തായ മുഹമ്മദ് ഫറോക്ക് അൻസാരിയോടൊപ്പം ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു റോഫിയ. ഈ സമയം യുവാവിന്‍റെ പ്രായപൂർത്തിയാകാത്ത മകൻ, 34 കാരിയായ ഭാര്യ ഷഹ്‌സാദി ഫറോക്ക്, 22 കാരനായ വസീം അക്രം എന്നിവർ സ്ഥലത്തെത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. അൻസാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനാണ് യുവതിയെ കുത്തിയത്.
യുവതിക്ക് ഫറോക്ക് അൻസാരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അന്‍സാരിയുടെ ഭാര്യയും മകനും ജിപിഎസ് ഉപയോഗിച്ച് കാര്‍ ട്രാക്ക് ചെയ്താണ് സ്ഥലത്തെത്തിയത്. മൂന്നുപേരെയും കണ്ടയുടന്‍ അന്‍സാരി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. അന്‍സാരിക്കു പിന്നാലെ മടങ്ങിയ യുവതിയെ മകന്‍ പിന്തുടരുകയും കഴുത്തിലും കൈകളിലും ഉൾപ്പെടെ ഒന്നിലധികം തവണ കുത്തുകയുമായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പിന്നീട് മരിച്ചു. അതേസമയം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.