വാടക ചോദിച്ചതിന് വീട്ടുടമയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ വാടകക്കാര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് ഗാസിയാബാദിലാണ് സംഭവം. ദീപ്ക്ഷിത ശര്‍മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഫ്ലാറ്റിലെ വാടകക്കാരായ അജയ് ഗുപ്ത, ആകൃതി ഗുപ്ത എന്നിവര്‍ അറസ്റ്റില്‍. ദീപ്ക്ഷിതയെ കഴുത്തുഞെരിഞ്ഞ് മൃതശരീരം സ്യൂട്ട്കേസിലാക്കി കട്ടിലിനടിയില്‍ വയ്ക്കുകയായിരുന്നു.
ഗാസിയാബാദ്, രാജ്നഗറില്‍ ദീപ്ക്ഷിതയ്ക്ക് ഒരു ഫ്ലാറ്റുണ്ടായിരുന്നു. പുതിയ ഫ്ലാറ്റ് വാങ്ങിയതിനാല്‍ പഴയ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. എന്നാല്‍ പഴയ ഫ്ലാറ്റിലെ വാടകക്കാര്‍ ആറ് മാസമായി വാടക മുടക്കി. പലതവണ വിളിച്ചിട്ടും നേരിട്ട് ചോദിച്ചിട്ടും വാടക നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഒടുവില്‍ കഴിഞ്ഞ 17ന് വാടക വാങ്ങാനായി ദീപ്ക്ഷിത ഫ്ലാറ്റിലേക്ക് പോയി. എന്നാല്‍ തിരിച്ച് വീട്ടിലെത്തിയില്ല.
ദീപ്ക്ഷിത അര്‍ധരാത്രിയായിട്ടും വീടെത്താത്തതോടെ കുടുംബം ആശങ്കയിലായി. ദീപ്ക്ഷിതയെ പലതവണ വിളിച്ചെങ്കിലും ഫോണുമെടുത്തില്ല. ഒടുവില്‍ യുവതി വാടക വാങ്ങാന്‍ പോയതാണെന്ന കാര്യമോര്‍ത്ത കുടുംബം വാടകയ്ക്ക് കൊടുത്ത ഫ്ലാറ്റില്‍ പോയി. ഫ്ലാറ്റിലെത്തിയ ദീപക്ഷിതയുടെ ഭര്‍ത്താവ് ഉമേഷ് ശര്‍മയ്ക്ക് എന്നാല്‍ ദീപ്ക്ഷിതയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാള്‍ മടങ്ങി. പക്ഷെ വാടകക്കാരുടെ പെരുമാറ്റത്തില്‍ ഉമേഷിന് പന്തികേട് തോന്നി.
തുടര്‍ന്ന് ഉമേഷ് പൊലീസിനെ സമീപിക്കുകയായിരുന്നു. തന്‍റെ ഭാര്യയെ കാണാനില്ലെന്ന് ഉമേഷ് പരാതി നല്‍കി. തനിക്ക് തന്‍റെ വാടകക്കാരുടെ സ്വഭാവത്തില്‍ എന്തോ പന്തികേട് തോന്നിയെന്നും ഉമേഷ് പൊലീസിനോട് പറഞ്ഞു. ദീപ്ക്ഷിതയുടെ ഫോണ്‍ ട്രേസ് ചെയ്ത പൊലീസിന് വാടകയ്ക്ക് കൊടുത്ത ഫ്ലാറ്റിന് സമീപത്തുനിന്നാണ് ദീപ്ക്ഷിതയുടെ ഫോണില്‍ നിന്നും അവസാനമായി സിഗ്നല്‍ ലഭിച്ചതെന്ന് സ്ഥിരീകരിച്ചു. പൊലീസ് വാടകക്കാരില്‍ തന്നെ സംശയമുറപ്പിച്ചു.
വീടിനടുത്തുള്ള മറ്റ് വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസിന് ദീപക്ഷിത വാടക ഫ്ലാറ്റിന്‍റെ അകത്തേക്ക് പോയ ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ ഇതിലില്ലായിരുന്നു. ഇതോടെ ദീപ്ക്ഷിത ഫ്ലാറ്റില്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫ്ലാറ്റ് പരിശോധിക്കാനെത്തിയ പൊലീസ് കണ്ടത് പെട്ടെന്ന് എങ്ങോട്ടോ പോകാനുള്ള തിരക്കില്‍ സാധനങ്ങള്‍ വലിച്ചുവാരി പെട്ടികളില്‍ നിറയ്ക്കുന്ന വാടകക്കാരെയാണ്. പൊലീസ് ഇവരെ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്നും അസാധാരണ ഭാരമുള്ള ചുവന്ന ബാഗ് കണ്ടെടുത്തു. ബാഗ് തുറന്ന പൊലീസിന് ബാഗിനുള്ളില്‍ ഒടിച്ചു മടക്കി തിരുകി വച്ച ദീപക്ഷിതയുടെ ശരീരമാണ് കണ്ടത്.
ഇതിന് പിന്നാലെ വാടകക്കാരായ അജയ് ഗുപ്തയെയും ആകൃതി ഗുപ്തയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദീപ്ക്ഷിതയെ കഴുത്ത് ഞെരിച്ച് കൊന്ന് പെട്ടിയിലാക്കിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.