ബി.എൽ.എം (BLM) ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ സാധാരാണക്കാരിൽ നിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപക ചെയർമാൻ പ്രേംകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ചെന്നൈയിലെ വസതിയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക നിയമവിരുദ്ധമായി സ്വന്തം പേരിലേക്കും ഭാര്യയുടെ പേരിലേക്കും രൂപീകരിച്ച വ്യാജ (ഷെൽ) കമ്പനികളിലേക്കും വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പ്രേംകുമാറിനെ ഉടൻ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നിയമനടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
സൊസൈറ്റിയിലേക്ക് എത്തുന്ന നിക്ഷേപം മറ്റ് മേഖലകളിലേക്ക് വകമാറ്റരുതെന്ന നിയമം ലംഘിച്ച് 17 ഷെൽ കമ്പനികൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് തിരുവനന്തപുരത്ത് 17 കോടി രൂപയ്ക്ക് ലക്ഷ്വറി സ്വീറ്റ് ഹോട്ടൽ പ്രേംകുമാറിന്റെ ഭാര്യയുടെ പേരിൽ വാങ്ങി. കൂടാതെ, പ്രേംകുമാർ ഡയറക്ടറായ കമ്പനി മൂന്നാറിൽ 29 കോടി രൂപ ചിലവഴിച്ച് രണ്ട് റിസോർട്ടുകളും, തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററും സൊസൈറ്റിയുടെ പണം വകമാറ്റി സ്വന്തമാക്കി. ഇയാൾ ചെയർമാനായ എജ്യുക്കേഷൻ സൊസൈറ്റിയിലേക്ക് 31 കോടി രൂപയും, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഭാര്യയുടെ പേരിൽ വസ്തുക്കൾ വാങ്ങാനും സൊസൈറ്റി പണം ഉപയോഗിച്ചു. പ്രാഥമിക അന്വേഷണത്തിൽ 300 കോടിയുടെ തട്ടിപ്പാണ് തെളിഞ്ഞതെങ്കിലും ആയിരത്തി ഇരുനൂറ് കോടി രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ വഴി നടന്നിട്ടുണ്ടെന്നാണ് നിഗമനം.
ബി.എൽ.എം കമ്പനിയിൽ 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി.ഇ.ഒ നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കേസിന് ആധാരം. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്. കസ്റ്റഡിയിലുള്ള പ്രേംകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങളും തട്ടിപ്പിന് കൂട്ടുനിന്ന മറ്റു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സൂചനകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.