കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്‌സ് മാഫിയ സംഘത്തിന് വില്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ പ്രധാന ഇടനിലക്കാരിയായ വാണിയെ അറസ്റ്റ് ചെയ്തു. ഈ സംഘത്തിന് കോവളത്തെ സ്പാ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മനോരമ ന്യൂസാണ് ഈ നിർണായക വിവരം ആദ്യമായി പുറത്തുവിട്ടത്.

പീഡനത്തിനിരയായ പതിനാറുകാരിയുടെ ഇളയമ്മയ്ക്ക് സെക്‌സ് മാഫിയ പണമായി നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള പെൺവാണിഭ സംഘത്തിന് കുട്ടിയെ കൈമാറുകയായിരുന്നു. പിടിയിലായ ഇടനിലക്കാരി വാണിയെ ചോദ്യം ചെയ്തതിലൂടെ സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മാഫിയ സംഘത്തിലെ മറ്റ് രണ്ടുപേർ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചതിലും സ്പാ കേന്ദ്രങ്ങളിൽ കൈമാറിയതിലും ഇവരുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Crucial details have surfaced regarding the brutal sexual assault of a 16-year-old girl at a spa in Kovalam, revealing that she was sold to a Bengaluru-based sex trafficking racket. Police have arrested Vani, a key broker in the syndicate, who had direct operational ties with the Kovalam spa management. Investigations confirmed that money was transferred by the trafficking gang to the minor's aunt prior to handing the girl over to the network.