കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ തനിക്കെതിരെ നരഹത്യാകുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ പിതാവുകൂടിയായ  അഡീഷണൽ ജഡ്ജി ഹൈക്കോടതിയിൽ. തന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജഡ്ജിയുടെ വാദം. പ്രായപൂർത്തിയാകാത്ത മകൻ താൻ അറിയാതെയും അനുമതിയില്ലാതെയുമാണ് കാറുമായി പുറത്തുപോയതെന്നും അപകടസമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. 

വാഹനത്തിന്റെ ഉടമസ്ഥത മാത്രമാണ് തന്റെ പേരിലുള്ളതെന്നും അത് ക്രിമിനൽ കുറ്റകൃത്യത്തിന് അടിസ്ഥാനമാകില്ലെന്നും ചൂണ്ടിക്കാട്ടിയ ജഡ്ജി, അടിയന്തരമായി മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.

അപകടവിവരം പുലർച്ചെ 2:14-ന് ഫോൺ സന്ദേശത്തിലൂടെയാണ് താൻ അറിഞ്ഞതെന്നും തുടർന്നാണ് പിതാവെന്ന നിലയിൽ സംഭവസ്ഥലത്തും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലും എത്തിയതെന്നും ജഡ്ജ് ഹർജിയിൽ വ്യക്തമാക്കി. ഔദ്യോഗിക ചുമതലയുടെ ഭാഗമായല്ല, അപകടത്തിൽപ്പെട്ട മകന്റെ പിതാവ് എന്ന നിലയിലാണ് സ്റ്റേഷനിലെത്തിയത്. മരണത്തിന് കാരണമാകുന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കില്ലാത്തതിനാൽ നരഹത്യാവകുപ്പ് ബാധകമല്ല. 

മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് പ്രകാരം പൊലീസ് വീട്ടിൽ പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങളും മോട്ടോർ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജുഡീഷ്യൽ ഓഫീസറായ താൻ ഒളിവിൽ പോകില്ലെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലോ അറസ്റ്റോ കേസിൽ അനിവാര്യമല്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദിക്കുന്നു.

അതേസമയം, അനുമതിയില്ലാതെ സ്വകാര്യ ആവശ്യത്തിനായി പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ജഡ്ജിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനമുണ്ടായെന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജ് ചീഫ് ജസ്റ്റിസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിതാവെന്ന നിലയിലാണ് സ്റ്റേഷനിൽ എത്തിയതെന്ന വാദത്തിലൂടെ ഈ റിപ്പോർട്ടിനെ ഖണ്ഡിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകന് ആഡംബര കാർ ഓടിക്കാൻ നൽകിയതിനും അനാസ്ഥ കാട്ടിയതിനും ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരവും അനുബന്ധ വകുപ്പുകൾ പ്രകാരവും കർശന നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

ENGLISH SUMMARY:

In the Cheranallur hit-and-run case where a 17-year-old drove a Benz car resulting in the death of Chittoor native Jayabalakrishnan, the suspect's father—an Additional District Judge—has argued in the Kerala High Court that culpable homicide charges against him will not hold. In his anticipatory bail application, the judge stated that his minor son took the luxury car without his knowledge or permission while he was asleep, and argued that merely owning the vehicle does not constitute a criminal offense.