കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പരീക്ഷാ തട്ടിപ്പ് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന് ക്ലീൻ ചിറ്റ് നൽകാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ ചോദ്യം ചെയ്ത ചെയർമാനും അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് അടക്കമുള്ള ഉദ്യോഗസ്ഥരും ആലോചിച്ചുറപ്പിച്ച് ഒരേ രീതിയിലുള്ള കള്ളമൊഴികൾ നൽകുന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച വീഴ്ച മാത്രമാണിതെന്നുമാണ് ചെയർമാന്റെ മൊഴി. ഇത് ആദ്യമായി സംഭവിച്ച ഒരു സാങ്കേതിക വീഴ്ച മാത്രമാണെന്നും സംഭവത്തിൽ ചെയർമാന് പങ്കില്ലെന്നും അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറിയും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴികൾ പൂർണ്ണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ചെയർമാനെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പരീക്ഷാ തട്ടിപ്പ് സംഭവത്തിൽ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. 2023-ൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ഏജൻസി തയ്യാറാക്കിയ ഗൈഡിൽ നിന്നാണ് നേരിട്ട് പകർത്തിയിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെയും സ്വകാര്യ ഏജൻസി ഭാരവാഹികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.

ENGLISH SUMMARY:

The Special Investigation Team (SIT) of the Crime Branch has declined to give a clean chit to PSC Chairman M.R. Baiju in connection with the ongoing Kerala PSC examination scam. Investigators suspect that both the chairman and arrested former Deputy Secretary Satheesh provided coordinated false statements attributing the Planning Board Chief exam irregularities solely to technical or official negligence. Unconvinced by these claims, the Crime Branch has decided to summon the PSC chairman for further interrogation.