പിഎസ്സിപരീക്ഷ തട്ടിപ്പിൽ വീണ്ടും കേസെടുത്തു. 2023ൽ നടന്ന അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയ്ക്കെതിരെയാണ് കേസ്. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു സ്വകാര്യ ഏജൻസി തയ്യാറാക്കിയ ഗൈഡിൽ നിന്നാണ് എടുത്തതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇത് ചോദ്യങ്ങൾ ചോർത്തി നൽകി ചിലരെ വിജയിപ്പിക്കാനുള്ള തട്ടിപ്പായിരുന്നു എന്നാണ് സംശയം. ആരെയും നിലവിൽ പ്രതിചേർത്തിട്ടില്ല. ഇതോടെ പിഎസ്സി തട്ടിപ്പിനെതിരെ എടുക്കുന്ന കേസുകളുടെ എണ്ണം നാലായി.
അതേസമയം ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിനെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണ് ജയിലിലേക്ക് മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിലാണ്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് പിഎസ്സി ചെയർമാൻ എം.ആർ. ബൈജു ക്രൈംബ്രാഞ്ചിന് മൊഴി നല്കിയത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാവാം വീഴ്ചയ്ക്ക് കാരണം. താനും പിഎസ്സിയും വീഴ്ച അറിഞ്ഞ ഉടൻതന്നെ പരിഹരിച്ചു. അതുകൊണ്ടാണ് റാങ്ക് പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചത്. പരീക്ഷ നടത്തിപ്പിൽ താൻ ഇടപെട്ടില്ലെന്നും പരീക്ഷയുടെ മാർക്കുകൾ മുൻകൂട്ടി ചോദിച്ചറിയാറുണ്ടെന്ന ആരോപണം കള്ളമാണെന്നും എം.ആർ.ബൈജു മൊഴി നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ആറുമണിക്കൂറാണ് പിഎസ്സി ചെയർമാന്റെ മൊഴിയെടുത്തത്.