Image credit: X

Image credit: X

  • ഡാന്‍സ് പാര്‍ട്ടികളും ആവോളം പണവും വാരിയെറിഞ്ഞാണ് ഹരിയാന–ചണ്ഡിഗഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ റിഷി വരുതിയിലാക്കിയതെന്നും പങ്കജ് അഗര്‍വാള്‍ ഐഎഎസാണ് ആവശ്യമായ സഹായം ചെയ്തതെന്നും റിഷിയുടെ നര്‍ത്തകിയായ പങ്കാളി സിബിഐയ്ക്ക് മൊഴി നല്‍കി

ഹരിയാനയിലും ചണ്ഡിഗഡിലുമായി ഐഡിഎഫ്സി ബാങ്കില്‍ നടന്ന 657 കോടി രൂപയുടെ തട്ടിപ്പിന് കാരണം ബാങ്കിലെ മുന്‍ മാനേജര്‍ റിഭവ് റിഷിയുടെ  പ്രണയമെന്ന് സിബിഐയുടെ കണ്ടെത്തല്‍. 2025 ഏപ്രിലില്‍ ചണ്ഡിഗഡില്‍  നടന്ന നൃത്തപരിപാടിയാണ് വന്‍കിട തട്ടിപ്പിന് കാരണമായതെന്ന് സിബിഐ പറയുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ചിലവഴിക്കേണ്ട തുക ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സഹായത്തോടെ റിഭവ് റിഷിയും സംഘവും തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. സ്കൂള്‍ എജ്യൂക്കേഷന്‍, കൃഷി വകുപ്പുകളില്‍ നിന്നാണ് വലിയ തോതില്‍ പണം അപഹരിക്കപ്പെട്ടത്. ഇതിനായി ഇരു വകുപ്പുകളിലെയും അക്കൗണ്ട്സ് വിഭാഗത്തിന്‍റെ സഹായവും റിഷിക്ക്  ലഭിച്ചുവെന്നും സിബിഐ കണ്ടെത്തി.

'എസ്ആര്‍ആര്‍ പ്ലാനിങ് ഗുരൂസ്' എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മറവിലായിരുന്നു റിഷിയുടെയും സംഘത്തിന്‍റെയും പൊതുഫണ്ട് കൊള്ളയടിക്കലും ആഡംബര ജീവിതവും. ഡാന്‍സ് പാര്‍ട്ടികളും ആവോളം പണവും വാരിയെറിഞ്ഞാണ് ഹരിയാന–ചണ്ഡിഗഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ റിഷി വരുതിയിലാക്കിയതെന്നും പങ്കജ് അഗര്‍വാള്‍ ഐഎഎസാണ് ആവശ്യമായ സഹായം ചെയ്തതെന്നും റിഷിയുടെ നര്‍ത്തകിയായ പങ്കാളി സിബിഐയ്ക്ക് മൊഴി നല്‍കി.

ബിഹാര്‍ സ്വദേശിയായ നര്‍ത്തകിയെ സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം  ചെയ്തതോടെയാണ് ബാങ്ക് തട്ടിപ്പിന് പിന്നിലെ പ്രണയകഥ പുറത്തുവന്നത്. ഡാന്‍സ് പ്രോഗ്രാമിനിടെയാണ് റിഷിയും യുവതിയും പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. 'ചണ്ഡിഗഡിലെ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധ എന്നില്‍ വീണതെന്നാണ് ഞാന്‍ കരുതുന്നത്. ആ പരിപാടിയില്‍ ഞങ്ങള്‍ അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍ രണ്ടു മാസത്തിനിടെ ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. അത് ജയ്പുരിലെ ഒരു ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിയില്‍ വച്ചായിരുന്നു. 2025 മേയ് എട്ടിനായിരുന്നു ഇത്. ജൂലൈ 5ന് മുംബൈയിലെ സെന്‍റ് റെഗിസില്‍ വച്ച് അദ്ദേഹം പ്രണയം പറഞ്ഞു. ഇവന്‍റ് പ്ലാനറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. അരിയുടെ കയറ്റുമതി– ഇറക്കുമതി ബിസിനസ് ചെയ്യുന്നുണ്ടെന്നും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ബ്രാഞ്ച് മാനേജരാണെന്നും റിഷി പറഞ്ഞു'- യുവതി സിബിഐയോട് പറഞ്ഞു.

'റിഷി എന്നോട് പ്രണയമാണെന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ മറ്റൊരു ബന്ധത്തിലുമായിരുന്നില്ല. അദ്ദേഹം എന്നെയും കുടുംബത്തെയും നന്നായി നോക്കാമെന്ന് വാഗ്ദാനം ചെയ്തു'- യുവതി വെളിപ്പെടുത്തി. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്നും ഒന്നിച്ച് ജീവിക്കാമെന്നും യുവതിക്ക് റിഷി വാഗ്ദാനം ചെയ്തു. 2025 ജൂലൈ 18ന് ദ്വാരകയിലെ വീടിന് അഡ്വാന്‍സ് ആയി റിഷി ഒരു ലക്ഷം രൂപ കൈമാറി. വീട് വാങ്ങിയ കണക്കില്‍ 3.10 കോടി രൂപയും പണമായി നല്‍കിയെന്നും ഇതില്‍ 49 ലക്ഷം രൂപ തന്‍റെ സമ്പാദ്യമാണെന്നും ബാക്കി മുഴുവന്‍ റിഷിയുടേതാണെന്നും ഇവര്‍ സിബിഐയോട് വെളിപ്പെടുത്തി. 2026 ജനുവരി മുതല്‍ ദ്വാരകയിലെ ഈ വീട്ടിലാണ് യുവതി താമസിച്ചു വരുന്നത്. റിഷിയുടെ നിര്‍ബന്ധപ്രകാരം ഡാന്‍സ് പരിപാടികള്‍ക്ക് പോകുന്നത് താന്‍ അവസാനിപ്പിച്ചുവെന്നും പകരം പ്രതിഫലമെന്നോണം മാസം 10ലക്ഷം രൂപ വീതം റിഷി 2025 ഓഗസ്റ്റ് മുതല്‍ തനിക്ക് നല്‍കി വന്നുവെന്നും യുവതി സിബിഐയോട് പറഞ്ഞു. ഇതുവരെ ഈയിനത്തില്‍ 56 ലക്ഷം രൂപയാണ് റിഷി യുവതിക്ക് നല്‍കിയത്. റിഷിയുടെ ഇവന്‍റ് മാനേജ്മെന്‍റ്  കമ്പനി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെല്ലാം താന്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നുവെന്നും പക്ഷേ നൃത്തം അവതരിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. 

ദുബായിലേക്കും റിഷിയുമൊത്ത് പോയിട്ടുണ്ടെന്നും എയര്‍പോര്‍ട്ടിനടുത്തുള്ള ആഡംബര വില്ലയിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം അഞ്ച് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ സ്ഥിരതാമസമാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു. 2026 ജനുവരിയില്‍ ദുബായിലേക്ക് വീണ്ടും പോയെന്നും റിഷി അവിടെ ഒരു ആഡംബര കാര്‍ ബുക്ക് ചെയ്തുവെന്നും സിബിഐ കണ്ടെത്തി. 

ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജേഡ് മാനറിലെ പാര്‍ട്ടിയില്‍ വിതറാന്‍ കറന്‍സി വന്‍തോതില്‍ റിഷി വീട്ടിലേക്ക് എത്തിച്ചുവെന്നും യുവതി പറയുന്നു. ഡാന്‍സ് പരിപാടിയില്‍ അഞ്ചോ ആറോ നര്‍ത്തകിമാരെത്തും. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നിതിന്‍ ആനന്ദ് എന്നയാളാണ് ഈ പരിപാടിയുടെ സംഘാടകന്‍. ഓരോ പാര്‍ട്ടിക്കും 15– 20 ലക്ഷം രൂപ വരെ പൊടിയും. പൊതുഫണ്ടില്‍ നിന്നും തട്ടിച്ച പണം അഭയ് കുമാര്‍, നരേഷ് കുമാര്‍ ഭുവനി, അഭിഷേക് സിംഗ്ല, അരുണ്‍ ശര്‍മ, അങ്കുര്‍ ശര്‍മ, പങ്കജ് അഗര്‍വാള്‍ ഐഎഎസ് എന്നിവരുമായി റിഷി പങ്കിട്ടു വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അന്വേഷണത്തിനിടെ ആഡംബര ഫോണ്‍ സിബിഐ പിടിച്ചെടുത്തിരുന്നു. പ്ലാനിങ് കമ്പനിയില്‍ നിന്ന് 5.40 കോടി രൂപയും സ്വാസ്തിക് ദേശ് പ്രൊജക്ടില്‍ നിന്ന് 1.50 കോടി രൂപയും റിഷിയുടെ അക്കൗണ്ടിലെത്തിയെന്നും ഭാര്യ ദിവ്യ അറോറയുടെ അക്കൗണ്ടിലേക്ക് 18.32 കോടി രൂപ എത്തിയെന്നും സിബിഐ കണ്ടെത്തി. സര്‍ക്കാരിന്‍റെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് മാത്രമായി 187 കോടി രൂപയാണ് റിഷി തട്ടിയതെന്നും കണ്ടെത്തി. 60.54 കോടിയിലേറെ രൂപ ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് അഗര്‍വാളിന്‍റെ കയ്യിലെത്തിയെന്നും സിബിഐ കണ്ടെത്തി. കേസില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A CBI investigation into the ₹657 crore IDFC First Bank fraud in Haryana and Chandigarh revealed that the siphoning of public funds was driven by a lavish lifestyle and an extramarital affair. According to the CBI, prime accused Ribhav Rishi used an event management company, SRR Planning Gurus, as a front to divert funds from government departments like School Education and Agriculture with the assistance of senior IAS officer Pankaj Agarwal and other officials. Rishi reportedly spent heavily on a dancer he met in April 2025, providing her ₹10 lakh monthly, buying a ₹3.1 crore house in Dwarka, booking luxury cars, and taking her on trips to Dubai. Investigations found that over ₹187 crore was siphoned from various government accounts, with over ₹60.54 crore traced directly to IAS officer Pankaj Agarwal.