ഒരു നാടിനെ നടുക്കിയ കവര്‍ച്ചയായിരുന്നു പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്കിലേത്. കേസിൽ അഞ്ച് പ്രതികള്‍ക്ക് കഠിന തടവ് വിധിച്ചിരിക്കുകയാണ്. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2011 ഓഗസ്റ്റ് 22നാണ് പത്തനംതിട്ട മെഴുവേലിയിലെ സഹകരണ ബാങ്കിന്റെ സ്ട്രോങ് റൂം ഉള്‍പ്പടെ തകര്‍ത്ത് നാലര കിലോയോളം സ്വര്‍ണവും നാല് ലക്ഷത്തോളം രൂപയും കവര്‍ന്നത്. മെഴുവേലി സർവീസ് സഹകരണ ബാങ്കിന്റെ കുറിയാനിപ്പള്ളി ജംക്ഷനിലെ ഉള്ളന്നൂർ പ്രധാന ഓഫിസിൽ ആണ് കവർച്ച നടക്കുന്നത്. നാൽപതു വർഷത്തോളം പാരമ്പര്യമുള്ള ബാങ്കിലെ ആദ്യത്തെ മോഷണമായിരുന്നു അത്. നാടിനെ നടുക്കിയ സംഭവം. രാവിലെ ബാങ്ക് തുറക്കാൻ എത്തിയ പ്യൂൺ ആണ് കവർച്ച നടന്നതായി ആദ്യം കാണുന്നത്.
ബാങ്കിന്റെ ആദ്യനിലയുടെ പുറകിലുള്ള ജനലിന്റെ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷ്‌ടാക്കൾ അകത്ത് കടന്നിരുന്നത്. ബാങ്കിന്റെ മുന്നിലെ മുറിയിൽ കയറുന്നതിന് ഷട്ടറും പണവും സ്വർണവും സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന്റെ ഇരുമ്പ് കതകും കമ്പികൾകൊണ്ട് ഉണ്ടാക്കിയ ഗ്രില്ലും ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തു മാറ്റിയിരുന്നു. സ്‌ട്രോങ്‌റൂമിൽ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന 4,223 ഗ്രാം സ്വർണവും 3,79,024 രൂപയുമാണ് നഷ്‌ടപ്പെട്ടിരുന്നത്. നഷ്‌ടപ്പെട്ട സ്വർണത്തിന് അന്നത്തെ വിലയനുസരിച്ച് ഒരു കോടി 12 ലക്ഷം രൂപ വിലവന്നിരുന്നു.