ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ച് നിന്ന ബന്ധുവായ സ്ത്രീക്ക് നേരെയാണ് ആദ്യം പിറ്റ്ബുള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് കുഞ്ഞിനെ കടിച്ച് വലിച്ച് നിലത്തേക്കിട്ടു
നിരോധിതയിനം നായയായ പിറ്റ്ബുളിന്‍റെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരുക്ക്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ച് നിന്ന ബന്ധുവായ സ്ത്രീക്ക് നേരെയാണ് ആദ്യം പിറ്റ്ബുള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് കുഞ്ഞിനെ കടിച്ച് വലിച്ച് നിലത്തേക്കിട്ടു. റോഡിലൂടെ വലിച്ചിഴച്ചു. ഒടുവില്‍ നാട്ടുകാരെത്തിയാണ് പിറ്റ്ബുളിനെ തുരത്തി കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
സംഭവത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അക്രമോല്‍സുകരായ ഇത്തരം നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നതിന് രാജ്യത്ത് പലയിടങ്ങളിലും നിരോധനം നിലവിലുണ്ട്. ആക്രമണകാരിയെന്ന് അറിഞ്ഞിട്ടും നായയെ അലക്ഷ്യമായി തുറന്ന് വിട്ട വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ കുഞ്ഞിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ആറുവയസുകാരന് ചെവി നഷ്ടമായിരുന്നു. ഈ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. അടുത്തയിടെ പഞ്ചാബിലെ പട്യാലയിലും ദമ്പതികള്‍ക്ക് പിറ്റ്ബുളിന്‍റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ഇവരെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു.
ENGLISH SUMMARY:
A six-month-old infant suffered severe injuries following a terrifying Pitbull attack in the Sikka Colony area of Sonipat, Haryana. The aggressive dog lunged at the child while being carried by his aunt, knocking both to the ground before dragging the infant along the street. Local residents intervened to rescue the child, who sustained deep bite wounds across his face, stomach, and limbs. Due to the critical nature of his condition, the infant was immediately referred to Rohtak PGI for emergency medical care. Disturbing CCTV footage capturing the incident went viral, sparking widespread public outrage and fear among local residents. The event has renewed public demands for strict enforcement of bans on dangerous dog breeds and accountability for negligent pet owners.