അതിസമ്പന്നനായി നടിച്ചു ബിസിനസുകാരെയും വ്യവസായികളെയും പറ്റിച്ചു കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മംഗളുരു സ്വദേശി റോഷന്‍ സല്‍ദാനയെന്ന കുബേര തട്ടിപ്പുകാരനാണ് അറസ്റ്റിലായത്. കൊട്ടാര സമാനമായ വീട്ടിലേക്കു ക്ഷണിച്ചാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്.
പണം വാരിയെറിഞ്ഞു കാണുന്നവരുടെ കണ്ണ് മഞ്ഞളിക്കുന്ന വിധത്തിലുള്ള ഈ കൊട്ടാരം റോഷന്‍ കെട്ടിയത് ആഡംബരത്തോടെ ജീവിച്ചു തീര്‍ക്കാന്‍ മാത്രമല്ല അതിനായുള്ള പണം കണ്ടെത്താനുള്ള കെണി കൂടിയായിരുന്നു. ചുരുങ്ങിയ പലിശയില്‍ അഞ്ചൂറ് കോടിവരെ വായ്പ വാഗ്ദാനം ചെയ്താണു റോഷന്‍ വ്യവസായികളെ സമീപിക്കുക. വാക്ചാതുര്യത്തില്‍ അഗ്രഗണ്യനായ റോഷന്‍ പണക്കാരനായ വഴികള്‍ വിശദീകരിച്ചശേഷം അടുത്ത കൂടിക്കാഴ്ചയ്ക്കായി വീട്ടിലേക്കു ക്ഷണിക്കും. ലക്ഷങ്ങള്‍ വിലയുള്ള ഇന്റീരിയറുകളും ഷാന്‍ഡിലിയറുകളുമെല്ലാം കണ്ട് വീട്ടിലെത്തുന്നവര്‍ അന്തിച്ചുപോകും. വായ്പയെടുക്കാന്‍ സന്നദ്ധമാവുന്നവരില്‍ നിന്ന് റജിസ്ട്രേഷന്‍ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ കോടികള്‍ വാങ്ങിയെടുത്തു മുങ്ങുന്നതാണു തട്ടിപ്പ് രീതി. മംഗളുരുവിലെ രണ്ടു വ്യവസായികള്‍ നല്‍കിയ പരാതിയിയിലാണ് അറസ്റ്റ്
വീടിന്റെ ചുമരുകളിലും അലമാരകള്‍ക്കുള്ളിലും രഹസ്യ അറകളുണ്ടാക്കിയാണ് ഇയാള്‍ പൊലീസുകാരില്‍ നിന്നും വഞ്ചിക്കപെട്ടവരില്‍ നിന്നും മറഞ്ഞു നിന്നിരുന്നത്. വീടിനു മുന്നില്‍ അപരിചിതരെത്തിയാല്‍ ഇത്തരം രഹസ്യമുറിയില്‍ കയറി ഒളിക്കുകയയിരുന്നു പതിവ്. തന്ത്രപരമായി മംഗളുരു നഗരത്തിലേക്കു വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തുകൊണ്ടുമാത്രമാണ് ഇത്തവണ റോഷന്‍ പൊലീസിന്റെ വലയിലായത്.