Image:Meta AI
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയെ വിശ്വസിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ച റിട്ടയര്‍ഡ് ഉദ്യോഗസ്ഥന് കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ടു. കൊല്‍ക്കത്ത സ്വദേശിയായ 63കാരനാണ് 66.6 ലക്ഷം രൂപയും ഫ്ലാറ്റും നഷ്ടമായത്. ഏപ്രില്‍ 14നാണ് യുവതിയെ ഡേറ്റിങ് ആപ്പിലൂടെ ഇയാള്‍ പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതോടെ വാട്സാപ്പ് നമ്പറുകള്‍ കൈമാറി.
സംസാരത്തിലൂടെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ യുവതി ഓണ്‍ലൈന്‍ ട്രേഡിങില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിനായി ടെലഗ്രാം ഗ്രൂപ്പിലും ചേര്‍ത്തു. ഉയര്‍ന്ന തുക തിരികെ ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് യുവതി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബിദാനഗറിലെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വയോധികന്‍ പറയുന്നു.
20,000 രൂപയാണ് തുടക്കത്തില്‍ നിക്ഷേപിച്ചത്. ഇതില്‍ നിന്നും നല്ല ലാഭമുണ്ടായതോടെ കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. വിശ്വാസമാര്‍ജിച്ചെടുത്ത യുവതി, 63കാരന്‍റെ ജീവിത സമ്പാദ്യമത്രയും കൈക്കലാക്കി. തിരികെ പണം ലഭിക്കുന്നതില്‍ മുടക്കം വന്നതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് സംശയം തോന്നിയതെന്നും പൊലീസിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണെന്നും അതീവ ജാഗ്രതയോടെ വേണം പണം കൈകാര്യം ചെയ്യാനെന്നും ബിദാനഗര്‍ കമ്മിഷണര്‍ പ്രതികരിച്ചു.