എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഡേറ്റിങ് ആപ്പില്‍ പരിചയപെട്ട യുവതി സ്വര്‍ണാഭരണങ്ങളും പണവും ഇയര്‍ബഡ്സുമടക്കം ആറര ലക്ഷംരൂപയുടെ സാധനങ്ങളും പണവും കവര്‍ന്നെന്ന പരാതിയുമായി യുവാവ്. ബെംഗളുരു ഇന്ദിരാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് നഗരത്തിലെ പ്രമുഖ ഐ.ടി. കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 26 കാരന്‍ പരാതി നല്‍കിയത്. തമിഴ്നാട് സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

dating-app-ai-image

തുടക്കം ഡേറ്റിങ് ആപ്പില്‍

ജോലിയുടെ സമ്മര്‍ദ്ദം മറികടക്കാനും പുതിയ സുഹൃദ് ബന്ധങ്ങള്‍ക്കുമായാണ് യുവാവ് പ്രമുഖ ഡേറ്റിങ് ആപ്പില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നത്. പിന്നാലെ സ്വന്തം നാട്ടുകാരിയായ യുവതിയെ തന്നെ ആപ്പില്‍ കണ്ടുമുട്ടി. രണ്ടുമാസം മുന്‍പായിരുന്നു ഇത്. ദീര്‍ഘനാളത്തെ ചാറ്റിങിനും സംസാരത്തിനും ശേഷം നവംബര്‍ ഒന്നിന് കണ്ടുമുട്ടാന്‍ ഇരുവരും തീരുമാനിച്ചു. ഇന്ദിരാനഗറിലെ റിസര്‍വോയര്‍ റസ്റ്ററന്റിലായിരുന്നു മീറ്റിങ്. ഇരുവരും മദ്യപിച്ചു. മണിക്കൂറുകള്‍ റസ്റ്ററന്‍റിലെ ബാറില്‍ ചിലവഴിച്ചു. അതിനുശേഷമാണ് ട്വിസ്റ്റ്!

dating-resturent

പി.ജിയിലേക്കില്ലെന്നു യുവതി

ബാറില്‍ നിന്ന് നല്ല രീതിയില്‍ ഭക്ഷണവും മദ്യവും കഴിച്ചതോടെ യുവതിയുടെ നിലപാട് മാറി. താന്‍ താമസിക്കുന്ന പേയിങ് ഗസ്റ്റ് ഹൗസിലേക്ക് ഈ രാത്രി മടങ്ങുന്നില്ലെന്നായി യുവതി. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് രാവിലെ പോകാമെന്നായി. ഇതോടെ ടെക്കിയും സമ്മതിച്ചു. സമീപത്തെ ഒക്ടോവ് ക്രിസ്റ്റല്‍ ഹൈറ്റ്സെന്ന ഹോട്ടലില്‍ ഇരുവരും മുറിയെടുത്തു.

man-in-bed-ai

ഉറങ്ങിയെണീറ്റപ്പോള്‍ ആളില്ല!

ഹോട്ടലിലെത്തിയതിനു ശേഷം യുവതി പിന്നെയും ഭക്ഷണം ഓഡര്‍ ചെയ്തു. ഓണ്‍ലൈന്‍ വഴിയെത്തിയ ഭക്ഷണം ഇരുവരും കഴിച്ചു. പിന്നീട് യുവതി കുടിക്കാന്‍ നല്‍കിയ വെള്ളം കുടിച്ചതോടെ ഉറക്കത്തിലേക്കു മയങ്ങിവീണെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ യുവതിയെ കാണാനില്ല. ഒപ്പം താന്‍ ധരിച്ചിരുന്ന സ്വര്‍ണ ചെയിന്‍, കൈച്ചെയിന്‍, ഹെഡ് സെറ്റ്, പതിനായിരം രൂപ എന്നിവയും കാണാനില്ലെന്ന് യുവാവ് പറയുന്നു. 6.8 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടെതെന്നാണ് പരാതിയില്‍ പറയുന്നത്.

scared-man

ഹണിട്രാപ്പ് പേടിയില്‍ മിണ്ടാതിരുന്നു; നഷ്ടമോര്‍ത്തപ്പോള്‍ പരാതി നല്‍കി

ഈ മാസം രണ്ടിനാണ് ആസൂത്രിതമായ കവര്‍ച്ച നടന്നത്. തുടക്കത്തില്‍ യുവാവ് ആരോടും പറഞ്ഞില്ല. ഉറങ്ങി എണീറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്നു ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. നമ്പറുകള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ബില്ലടച്ചു യുവാവ് ഹോട്ടലില്‍ നിന്നിറങ്ങി. സ്വന്തം നിലയ്ക്ക് അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. പരാതി നല്‍കാനും ധൈര്യമില്ലായിരുന്നു. സ്വകാര്യ നിമിഷങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നുെവന്നും അത് സമൂഹ മാധ്യമങ്ങളിലെത്തിയാല്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നുമായിരുന്നു യുവാവിന്റെ ചിന്ത.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയെ കുറിച്ചു വിവരംകിട്ടാതിരുന്നതോടെ അടുത്ത സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്നാണു കഴിഞ്ഞ ദിവസം ഇന്ദിരാനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി സ്നേഹത്തില്‍ പൊതിഞ്ഞ ചതിയുടെയും കവര്‍ച്ചയുടെയും വിവരം പറഞ്ഞത്.  തമിഴ്നാട് സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

A 26-year-old software engineer in Bengaluru filed a complaint claiming a woman he met on a dating app robbed him of gold jewelry, cash, and gadgets worth ₹6.8 lakh. The man met the Tamil Nadu native in Indiranagar, and after drinking, they checked into a hotel. The techie alleges he passed out after drinking water given by the woman, only to wake up to find her and his valuables missing. Initially fearful of a honey trap leak, he later filed a police complaint, and the Indiranagar Police have registered a case.