couple-kiiss

TOPICS COVERED

ആദ്യചുംബനം അതിമനോഹരമെന്നാണ്  പറയുന്നത്.   സ്നേഹം പ്രകടിപ്പിക്കാന്‍ ചുംബനത്തിനമപ്പുറം  മനോഹരമായ ഒരു മാര്‍ഗവുമില്ല.  പങ്കാളികളും സുഹൃത്തുക്കളുമെല്ലാം ചുംബിച്ച്   സ്നേഹം പങ്കിടാറുണ്ട്. മക്കളോടുള്ള സ്നേഹം രക്ഷിതാക്കളും ഈ രീതിയില്‍ പങ്കുവയ്ക്കുന്നു.

മനുഷ്യരിങ്ങനെ   ചുംബിച്ച്  സ്നേഹിക്കാന്‍ തുടങ്ങിയിട്ട് യഥാര്‍ഥത്തില്‍ എത്രകാലമായിക്കാണും? ആരായിരിക്കും ആദ്യം പരസ്പരം ചുംബിച്ചിട്ടുണ്ടാവുക? ആ ചോദ്യങ്ങള്‍ക്കുള്ള  ഉത്തരം  കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം.  ലോകത്തെ  ആദ്യ ചുംബനം നടന്നിട്ട് 20ദശലക്ഷം വര്‍ഷമായത്രേ.

ഓക്‌സ്‌ഫര്‍ഡ് സര്‍വകലാശാലയിലെയും ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷകരാണ് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്. പ്രൈമേറ്റുകളുടെ പെരുമാറ്റങ്ങളും പരിണാമ കാലഘട്ടത്തിലെ ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമാണ് ആദ്യ ചുംബനത്തിലേക്ക്  ഗവേഷകരെ എത്തിച്ചത്. 2.15 കോടി മുതല്‍ 1.69 കോടി വര്‍ഷങ്ങള്‍ മുമ്പായിരിക്കാം ആദ്യ ചുംബനം നടന്നിട്ടുണ്ടാവുക എന്നാണ് കണ്ടെത്തല്‍.   

പൊതു പൂര്‍വികരായ ജീവിവര്‍ഗമായിരിക്കാം ആദ്യമായി ചുംബിച്ചിരുന്നത് എന്നും ഗവേഷകര്‍ പറയുന്നു. ഈ കണ്ടെത്തലുകൾ എവല്യൂഷൻ ആൻഡ് ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.   നിയാണ്ടര്‍ത്താലുകളും മനുഷ്യരും പരസ്പരം ചുംബിച്ചിരുന്നതായും പഠനം സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍  ജീവന്‍റെ പരിണാമത്തില്‍ ചുംബനം യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല ചുംബനം രോഗങ്ങള്‍ പടരാന്‍ കാരണമായിട്ടുമുണ്ട്.  മനുഷ്യര്‍ക്ക് പുറമെ ചിമ്പാൻസികൾ, ബോണബോകൾ, ഒറാങ്ങ് ഉട്ടാനുകൾ, ഗൊറില്ലകൾ എന്നിവയെല്ലാം ചുംബിച്ചിട്ടുണ്ട്. ചുംബനം  പൂര്‍വികരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ശീലമാകാണെന്ന നിഗമനത്തിലേക്ക്  ഗവേഷകരെ എത്തിച്ചതും  ഈ കണ്ടെത്തല്‍ തന്നെ.

ENGLISH SUMMARY:

First Kiss: Scientific research indicates that the first kiss may have occurred millions of years ago between common ancestors. While kissing is a widespread behavior, researchers note it has not had a significant impact on evolution and can contribute to the spread of diseases.