Image Credit:instagram/samantharuthprabhuoff
സംവിധായകന്‍ രാജ് നിദിമൊരുവുമായുള്ള പ്രണയം ഒടുവില്‍ തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊതുവിടങ്ങളില്‍ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. ഇരുവരും വാര്‍ത്തകളെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ പെര്‍ഫ്യൂം ബ്രാന്‍ഡിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പമാണ് സാമന്തയുടെ വെളിപ്പെടുത്തല്‍.
'കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം.. കഴിഞ്ഞ ഒന്നര വര്‍ഷമായി കരിയറില്‍ കുറച്ച് ഉറച്ചതും ധീരവുമായ തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. റിസ്കെടുത്തു, എന്‍റെ മനസിനെ, തോന്നലുകളെ വിശ്വസിച്ചു, പഠിച്ചു. ഇന്ന് ഞാന്‍ ചെറിയ വിജയങ്ങള്‍ പോലും ആഘോഷമാക്കുകയാണ്. കഠിനാധ്വാനികളായ, ആത്മാര്‍ഥതയുള്ള, ഊര്‍ജസ്വലരായ ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതൊരു തുടക്കം മാത്രമാണെന്ന് ഉറച്ച വിശ്വാസത്തോടെ എനിക്ക് പറയാന്‍ കഴിയും' എന്നാണ് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ലേസ് ബ്രാലെറ്റും ഹൈ വെയ്സ്റ്റ് പാന്‍റ്സുമാണ് സാമന്തയുടെ വേഷം. രാജ് ആവട്ടെ, കറുത്ത ടീ ഷര്‍ട്ടിനൊപ്പം നേവി ബ്ലൂ ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. കൈകള്‍ കൊണ്ട് സാമന്ത രാജിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. സാമന്തയെ രാജും തന്നോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ സാമന്തയ്ക്ക് പിന്നിലായും രാജുണ്ട്. ചിത്രങ്ങളിലൊന്നില്‍ തമന്നയെയും കാണാം. ഫാമിലി മാന്‍ സീരിസില്‍ അഭിനയിക്കുന്നതിനിടെയാണ് രാജും സാമന്തയും പ്രണയത്തിലായതെന്നാണ് സൂചന.