vijay-mallya-rcb

രണ്ടു വര്‍ഷമായി ശമ്പളം മുടങ്ങിയ കിങ്ഫിഷർ എയർലൈൻസ് തൊഴിലാളികളുടെ സമരം ഒരു ഭാഗത്ത്. അതേ നാട്ടില്‍ ഐപിഎല്‍ കളിക്കാന്‍ തന്‍റെ ടീമിനായി ഒറ്റ ദിവസം കൊണ്ട് വിജയ് മല്യ പൊട്ടിച്ചത് 28.70 കോടി രൂപയാണ്. 2014 സീസണില്‍ ആര്‍സിബി താരങ്ങളെ വാങ്ങിയും നിലനിര്‍ത്തിയും ചെലവാക്കിയ തുക 58.2 കോടി രൂപ!. അന്ന് ഏകദേശം 350 കോടി രൂപയുടെ ശമ്പള കുടിശ്ശിക എയർലൈൻസിൽ മല്യയ്ക്കുണ്ടായിരുന്നു. 

Also Read: കോളവിറ്റ് തുടക്കം; 2,200 കോടിയുടെ കമ്പനി വിറ്റ് കിട്ടിയത് 10 കോടി! ഇന്ന് 6,400 കോടി മൂല്യമുള്ള കമ്പനി

പണം വച്ചുള്ള ആഡംബരങ്ങള്‍ അവസാനം ആര്‍സിബിയില്‍ ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ എല്ലാ പ്രതാപവും ഒഴിവാക്കി മല്യ ടീമിന്‍റെ പടിയിറങ്ങി. പക്ഷേ മദ്യ കമ്പനിയുടെ പരസ്യത്തിന് മല്യ വാങ്ങിച്ച ടീം ഇന്ന് ചാംപ്യന്‍മാരും ലാഭമുണ്ടാക്കുന്ന കമ്പനിയുമാണ്. 

വിസ്കി വിൽക്കാൻ വാങ്ങിയ ടീം

ഫോർമുല വൺ ടീം ഉടമയായിരുന്നു വിജയ് മല്യ. കൊൽക്കത്തൻ ഫുട്ബോള്‍ ക്ലബ്ബുകളായ മോഹൻബാഗാനിലും ഈസ്റ്റ് ബംഗാളിലും ഓഹരി ഉടമ. സ്വന്തമായി നിരവധി മൽസര കുതിരകള്‍. മല്യയുടെ സ്പോർട്സ് ഭ്രമമാണ് ബെംഗളൂരു ആസ്ഥാനമായൊരു ടീം എന്നാണ് ധരിച്ചതെങ്കിൽ തെറ്റി. അക്കാലത്ത് വിജയ് മല്യ സ്വന്തമാക്കിയ റോയല്‍ ചലഞ്ച് എന്ന വിസ്കി ബ്രാന്‍ഡിന്‍റെ മാർക്കറ്റിങ്ങായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന ടീമിന്‍റെ പ്രധാന ലക്ഷ്യം. വിസ്കിയെ മല്യ അടുത്ത തലത്തിലേക്ക് ഉയർത്താൻ മല്യ പദ്ധതിയിടുന്ന സമയത്താണ് ലളിത് മോദി ഐപിഎൽ എന്ന ആശയവുമായി എത്തുന്നത്. 

രണ്ട് ഐപിഎല്‍ ടീം ചോദിച്ച മല്യ

rcb-vijay-mallya

കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി ബിസിസിഐ കമ്മിറ്റിയിൽ മല്യ ഇരിക്കുമ്പോഴാണ് ഐപിഎലിനായി ലളിത് മോദിയുടെ വരവ്. ഒരു ടീം സ്വന്തമാക്കുന്നോ എന്ന ലളിത് മോദി വിജയ് മല്യയോട് ചോദിച്ചു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത് തന്‍റെ ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ ഏറ്റവും മികച്ച മാർഗം ഇതു തന്നെയെന്ന് മല്യ മനസിൽ ഉറപ്പിക്കുകയായിരുന്നു. കിങ്ഫിഷറിനും റോയല്‍ ചലഞ്ചിനും ഓരോ ഫ്രാഞ്ചൈസികളായിരുന്നു മല്യയുടെ ആവശ്യം.

രണ്ടെണ്ണം കിട്ടില്ലെന്ന് അന്നേ മല്യയോട് ലളിത് മോദി പറഞ്ഞിരുന്നു. മുംബൈ അടക്കം മൂന്ന് ഫ്രാഞ്ചൈസിക്ക് മല്യ ബിഡ് ചെയ്തു. ചെറിയ തുകയ്ക്കാണ് മുംബൈ ഫ്രാഞ്ചൈസി മല്യയ്ക്ക് നഷ്ടമാകുന്നത്. ലഭിച്ചവയിൽ സ്വന്തം നാടയ ബെംഗളൂരുവാണ് മല്യ തിരഞ്ഞെടുത്തത്. വിസ്‌കി റോയല്‍ ചലഞ്ച് ആയതു കൊണ്ടാണ് മല്യ അന്ന് റോയൽ ചലഞ്ചേഴേസ് ബെംഗളൂരു എന്ന് ടീമിന് പേരിട്ടത്. ഇതിനൊപ്പം റോയൽ ചലഞ്ച്, മക്‌ഡവല്‍ എന്നി ബ്രാന്‍ഡ് നെയിമുകള്‍ ടീം ജഴ്സിയിലുടനീളം ഉപയോഗിച്ചിരുന്നു. ആര്‍സിബി എന്ന ടീം തന്‍റെ വിസ്കി ബ്രാന്‍ഡിനെ വളർത്തി എന്നാണ് മല്യയുടെ സാക്ഷ്യം. 

Also Read: റിസര്‍വ് ബാങ്ക് റീപ്പോ റേറ്റ് കുറച്ചു; സാധാരണക്കാര്‍ക്കുള്ള നേട്ടം ഇതാണ്

2008 ൽ 111.6 മില്യൺ ഡോളറിനാണ്(ഏകദേശം 467 കോടി രൂപ) മല്യ ബെംഗളൂരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. മുംബൈയ്ക്കായി റിലയൻസ് ഇൻഡസ്ട്രീസ് നൽകിയ 111.9 മില്യൺ ഡോളറിന് തൊട്ടടുത്ത് തന്നെയാണ് ചെലവാക്കിയ തുക. യുണൈറ്റഡ് സ്പിരിറ്റിന് കീഴിൽ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആർസിബിയെ നിയന്ത്രിക്കുന്നത്. 

royal-challengers-bangalore

20 ലക്ഷത്തിന് വിരാട് കോലിയെ പൊക്കി 

വിജയ് മല്യ ടീം ഉണ്ടാക്കിയ അന്നുതൊട്ട് വിരാട് കോലി ആർസിബിയുടെ താരമാണ്. ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് വിജയ് മല്യ അന്ന് കോലിയെ ടീമിലെത്തിക്കുന്നത്. ഇന്ന് ആര്‍സിബിയില്‍ കോലിയുടെ ശമ്പളം 21 കോടിയാണ്. ലേലത്തിന് മുന്‍പ് അണ്ടർ 19 ലോകകപ്പ് കളിച്ച താരമായിരുന്നു വിരാട് കോലി. 'കോലിക്കായി ലേലം വിളിക്കുമ്പോള്‍ എന്‍റെ മനസ് പറഞ്ഞത് ഇതിലും മികച്ചൊരു ചോയിസ് ഇനി ലഭിക്കില്ലെന്നാണ്. ആർസിബിക്ക് കപ്പുയർത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും മനസ് പറഞ്ഞിരുന്നു' എന്നാണ് മല്യ എക്സില്‍ എഴുതിയത്. 

ടീമിനെ ഉപയോഗിച്ചുള്ള കള്ളകളി 

ആര്‍സിബി എന്ന ടീം ഉപയോഗിച്ചും മല്യ പല തട്ടിപ്പകളും നടത്തി. ഐപിഎൽ അഞ്ചാം സീസണിൽ ക്യാപ്റ്റന്‍ ഡാനിയല്‍ വട്ടോറി അടക്കമുള്ള താരങ്ങളുടെ ശമ്പളം മുടങ്ങി. അക്കാലത്തെ കരാര്‍ പ്രകാരം ഏപ്രിലില്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ 15 ശതമാനവും മേയ് ആദ്യം 50 ശതമാനവും ശമ്പളം നല്‍കേണ്ടതായിരുന്നു. ഇതിലാണ് മുടക്കം വന്നത്. ബാക്കി തുക രണ്ട് ഗഡുകളായുമാണ് താരങ്ങള്‍ക്ക് ലഭിക്കേണ്ടത്. 

vijay-mallya-kingfisher

പിന്നീട് താരങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചർച്ചകൾക്ക് ശേഷം പുതുക്കിയ പേയ്‌മെന്റ് ഷെഡ്യൂളിലാണ് ആര്‍സിബി ശമ്പളം നല്‍കിയത്. ഇതിനായി കളിക്കാരിൽ നിന്ന് 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' വാങ്ങി ബിസിസിഐയില്‍ നല്‍കി. ഇതിനൊപ്പം ടീമിനെ വച്ച് വായ്പെടുക്കാനും മല്യ ശ്രമിച്ചിരുന്നു.

2014 സെപ്റ്റംബറിലെ റോയൽ ചലഞ്ച് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വാർഷിക പൊതുയോഗത്തിൽ വായ്പയ്ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനുമതി നല്‍കിയിരുന്നു. വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 500 കോടി രൂപയിൽ കൂടാതെ വായ്പയെടുക്കാനായിരുന്നു അനുമതി. ഇതിനൊപ്പം പല വായ്പകളും വകമാറ്റി ടീമിനമായി ഉപയോഗിക്കുകയും ചെയ്തു. 

2009 ഏപ്രിൽ 30നും മേയ് നാലിനും ഇടയിൽ എസ്ബിഐയില്‍ നിന്നും കടമെടുത്ത 15.9 കോടി രപ ആർസിബിക്കായി ഉപയോഗിച്ചു എന്നായിരുന്നു ആദ്യ ആരോപണം. കിങ്ഫിഷറിനായി കടമെടുത്ത പണമാണ് മല്യ ഐപിഎലിലേക്ക് മാറ്റിയത്. പിന്നീട് ബാങ്ക് വായ്പകളിൽ 3,700 കോടി രൂപ ഐപിഎൽ ടീമിനും ഫോർമുല വണ്‍ ടീമിനുമായി വകമാറ്റിയെന്ന കുറ്റത്തിന് മല്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. 

പുറത്തായ സ്ഥാപകൻ

Ahmedabad: Royal Challengers Bengaluru s Head Coach Andy Flower, captain Rajat Patidar and others lift the championship trophy during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000075B)

Ahmedabad: Royal Challengers Bengaluru s Head Coach Andy Flower, captain Rajat Patidar and others lift the championship trophy during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000075B)

സാമ്പത്തികമായി തളർന്ന വിജയ് മല്യ 2016 ലാണ് യുണൈറ്റഡ് സ്പിരിറ്റ്സിൽ നിന്നും ഇറങ്ങുന്നത്. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയർമാൻ സ്ഥാനത്തു നിന്നും മല്യ പുറത്തായി. കമ്പനിയുടെ പുതിയ സാരഥികളായ ഡിയോജിയോയുമായുള്ള തർക്കങ്ങളാണ് മല്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. 2012 ലാണ് ഡിയോജിയോയിലേക്ക് യുണൈറ്റഡ് സ്പിരിറ്റ്സിന്‍റെ മാനേജ്മെന്‍റ് നിയന്ത്രണം എത്തുന്നത്. അന്ന് 55 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിക്കുണ്ടായിരുന്നു. 

സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ നേരത്തെ തന്നെ മല്യയെ ചെയർമാൻ സ്ഥാനത്തു നിന്നും ഒഴിവാക്കാൻ ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങള്‍ തള്ളി മല്യ കമ്പനിയിൽ തുടർന്നു. പിന്നീട് മല്യയ്ക്ക് 75 മില്യൺ ഡോളർ നൽകാമെന്ന ധാരണയിലാണ് 2016 ൽ കമ്പനിയിൽ നിന്നും ഇറങ്ങുന്നത്. യുണൈറ്റഡ് സ്പിരിറ്റ് കമ്പനിയുടെ ഉടമകളായ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയോജിയോയ്ക്ക് കീഴിലാണ് ഇന്ന് ആര്‍സ്ബി. 

ലാഭമുണ്ടാക്കുന്ന ആര്‍സിബി

ഐപിഎല്‍ സീസണില്‍ തോല്‍ക്കുന്നതിനൊപ്പം നഷ്ടമുണ്ടാക്കുന്നൊരു കമ്പനിയായിരുന്നു ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്. 2023 സീസണ്‍ വരെ നഷ്ടമുണ്ടാക്കിയിരുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 650 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. ലാഭം 222 കോടി രൂപയും. തൊട്ടു മുന്‍പത്തെ വര്‍ഷമുണ്ടാക്കിയ 15 കോടി നഷ്ടത്തില്‍ നിന്നാണ് ഈ വര്‍ധനവ്. 

കളിക്കാരുടെ ജേഴ്‌സി, കമ്പനി വെബ്‌സൈറ്റുകള്‍ എന്നിവയില്‍ സ്‌പോൺസറുടെ ലോഗോയോ ബ്രാൻഡോ പ്രദർശിപ്പിക്കുന്നതിന് സ്‌പോൺസർഷിപ്പ് വരുമാനവും ആര്‍സിബി ബ്രാൻഡ് മറ്റിടങ്ങളില്‍ ഉപയോഗിക്കുന്നത് റോയൽറ്റിയും ലൈസൻസിംഗ് വരുമാനവും ടീമിന് ലഭിക്കുന്നു. ഇതിനൊപ്പം ബിസിസിഐയുടെ സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള വരുമാനവും ചേര്‍ന്നതാണ് ആര്‍സിബിയുടെ പണപ്പെട്ടി. 

ENGLISH SUMMARY:

Once used by Vijay Mallya to promote his liquor brands and allegedly reroute Kingfisher Airlines loans, Royal Challengers Bangalore (RCB) has transformed into a profitable IPL franchise. In FY 2023–24, RCB earned Rs 650 crore in revenue with a Rs 222 crore profit. The team, now owned by Diageo, overcame years of loss and legacy of unpaid salaries.