വിലക്കയറ്റത്തിലും വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും വലയുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷയായി റിസര്‍വ് ബാങ്ക് റീപ്പോ റേറ്റ് കുറച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നാംതവണയാണ് ആര്‍ബിഐ റീപ്പോ റേറ്റ് കുറയ്ക്കുന്നത്. ഫെബ്രുവരിയില്‍ കാല്‍ശതമാനവും (25 ബേസിസ് പോയന്‍റ്) ഏപ്രിലില്‍ കാല്‍ശതമാനവും കുറച്ചതിനുപിന്നാലെയാണ് ഇന്ന് റീപ്പോ നിരക്കില്‍ അരശതമാനം (50 ബേസിസ് പോയന്‍റ്) കുറവ് വരുത്തിയത്. കോവിഡിന് ശേഷം റീപ്പോ റേറ്റില്‍ വരുത്തുന്ന ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇത്.
റിപ്പോ നിരക്കുകള്‍ കുറച്ച പ്രഖ്യാപനത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
എന്താണ് റിപ്പോ നിരക്ക്? - റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കാണ് റീപ്പോ റേറ്റ്. റീപര്‍ച്ചേസ് എഗ്രിമെന്‍റ് അല്ലെങ്കില്‍ റീപര്‍ച്ചേസ് ഒപ്ഷന്‍ (Repurchase Agreement or Repurchasing Option) എന്നതാണ് ഇതിന്‍റെ പൂര്‍ണരൂപം. റീപ്പോ റേറ്റ് കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പണം കണ്ടെത്താന്‍ കഴിയും. അതുവഴി ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കും കുറയ്ക്കാം.
റിപ്പോ നിരക്ക് കുറച്ചതെന്തിന്? - റിസര്‍വ് ബാങ്ക് ആണ് രാജ്യത്തെ പണപ്പെരുപ്പവും പണലഭ്യതയും മാനേജ് ചെയ്യുന്നത്. റീപ്പോ നിരക്ക് കുറയ്ക്കുന്നതുവഴി വിപണിയിലെ പണലഭ്യത കൂട്ടാന്‍ കഴിയും. പണപ്പെരുപ്പം നിയന്ത്രിതമായി നില്‍ക്കുമ്പോഴാണ് ഇത് ചെയ്യുക. 3.16 ശതമാനമാണ് (ഏപ്രില്‍ 1) ഇപ്പോള്‍ ഇന്ത്യയിലെ പണപ്പെരുപ്പനിരക്ക്. ഇത് റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന 2 – 6 ശതമാനം പരിധിക്കുള്ളിലായതിനാല്‍ അനായാസം നിരക്ക് ഭേദഗതി ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ നിരക്ക് വീണ്ടും കുറച്ചത് ആഗോളതലത്തിലെ വ്യാപാരസംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്ന ആശങ്ക പരിഹരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്.
വ്യക്തികള്‍ക്ക് എന്തുഗുണം? - വായ്പ പലിശ കുറയും: വാണിജ്യബാങ്കുകളില്‍ നിന്നാണല്ലോ ഏറെപ്പേരും വായ്പയെടുക്കുന്നത്. ഈ ബാങ്കുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ നല്‍കുന്ന വായ്പകളുടെ പലിശനിരക്കും കുറയണം. അതായത് ബാങ്കില്‍ നിന്ന് പുതുതായി വായ്പയെടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ലോണ്‍ കിട്ടും. ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കുന്നവരുടെ പ്രതിമാസ തിരിച്ചടവും (EMI) കുറയും. ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗതവായ്പ എന്നിവയിലെല്ലാം ഇത് ബാധകമാണ്.
സ്ഥിരനിക്ഷേപത്തിന് തിരിച്ചടി: വായ്പയെടുക്കുന്നവര്‍ക്ക് റിപ്പോ റേറ്റ് കുറയ്ക്കുന്നത് സന്തോഷമാണെങ്കിലും ഫിക്സഡ് ഡെപ്പസിറ്റുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അത്ര നല്ല സമയമല്ല. ബാങ്കുകള്‍ എഫ്ഡി പലിശ കുറയ്ക്കും. ഫിക്സഡ് ഡെപ്പസിറ്റില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ഈ റേറ്റ് കട്ട് പ്രാബല്യത്തില്‍ വരുംമുന്‍പ് നിക്ഷേപിക്കണം.
പഴ്സണല്‍ ലോണുകള്‍: റിപ്പോ റേറ്റ് കുറയുമ്പോള്‍ പഴ്സണല്‍ ലോണുകളുടെ ചെലവും കുറയും. നിലവില്‍ ഫിക്സഡ് റേറ്റ് പഴ്സണല്‍ ലോണുകള്‍ എടുത്തിട്ടുള്ളവരാണെങ്കില്‍ ഇ.എം.ഐ കുറയില്ല. പക്ഷേ പുതിയ പഴ്സണല്‍ ലോണ്‍ എടുക്കുമ്പോള്‍ കുറഞ്ഞ പലിശയും കുറഞ്ഞ ഇഎംഐയും ലഭിക്കും.
ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് കാര്യാലയം
ഓഹരിവിപണി: വായ്പകളുടെ ചെലവ് കുറയുമ്പോള്‍ കമ്പനികള്‍ കൂടുതല്‍ പണമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ പലപ്പോഴും ഓഹരി വിപണി നേട്ടമുണ്ടാക്കാറുണ്ട്. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍ ഓഹരികള്‍ക്കാണ് ഈ സമയങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നത്. റിപ്പോ കുറയുമ്പോള്‍ ഓഹരി വിപണി കുതിക്കണമെങ്കില്‍ സര്‍പ്രൈസ് ഘടകം ആവശ്യമാണ്. നിരക്ക് കുറയുമെന്ന് നേരത്തേ തന്നെ സൂചനയുള്ള ഘട്ടങ്ങളില്‍ കാര്യമായ ചലനം വിപണിയില്‍ ഉണ്ടാകാറില്ല.
രൂപയുടെ മൂല്യം: പലിശനിരക്ക് കുറയുമ്പോള്‍ വിപണിയില്‍ പണലഭ്യത വര്‍ധിക്കും. പരിധിവിട്ട് പണം വിപണിയിലെത്തിയാല്‍ രൂപയുടെ മൂല്യം ഇടിയാന്‍ സാധ്യതയുണ്ട്. ഡോളര്‍ ശക്തിപ്പെടും. ഇത് നിക്ഷേപകരെ ആശങ്കപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ രാജ്യാന്തരസംഘര്‍ഷങ്ങളും വ്യാപാരസാഹചര്യങ്ങളുമെല്ലാം സ്വാധീനം ചെലുത്തും.
മുംബൈയിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള ദൃശ്യം
ആര്‍ബിഐ 5.5 ശതമാനമായാണ് റിപ്പോ റേറ്റ് കുറച്ചത്. സ്വാഭാവികമായും ഇതിന്‍റെ ഗുണം ബാങ്ക് ഇടപാടുകാര്‍ക്ക് (വായ്പയെടുത്തവര്‍ക്കും എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും) ലഭിക്കേണ്ടതാണ്. എന്നാല്‍ പല ബാങ്കുകളും പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയാറാകാറില്ല. ഇടപാടുകാര്‍ പലപ്പോഴും ഇക്കാര്യം അറിയുകയുമില്ല. വായ്പയെടുത്തവര്‍ അതത് ബാങ്കുകളില്‍ നേരിട്ട് അന്വേഷിക്കുകയും ഫിക്സഡ് റേറ്റില്‍ അല്ലാത്ത ലോണുകളിലെങ്കിലും അര്‍ഹതപ്പെട്ട ഇളവ് ആവശ്യപ്പെടുകയും ചെയ്യാം. കുറഞ്ഞപക്ഷം എന്തുകൊണ്ട് ഇളവ് ലഭിക്കില്ല എന്ന് മനസിലാക്കാനെങ്കിലും ഇത്തരം ആശയവിനിമയം കൊണ്ട് സാധിക്കും.