ipl-auction-maxwel

ഐപിഎലിന് ഇക്കുറി ഇല്ലെന്ന് പ്രഖ്യാപിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്​വെല്‍. ലേലത്തില്‍ നിന്ന് തന്‍റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. 2019ന് ശേഷം ഇതാദ്യമായാണ് മാക്​സ്​വെല്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.  മിനി ലേലത്തിനുള്ളവരുടെ പട്ടികയില്‍ നിന്ന് മാക്സ്​വെലിന്‍റെ  പേര് കാണാതായപ്പോഴേ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. സീസണിടെ  പരുക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളില്‍ നിന്നായി 2819 റണ്‍സാണ് മാക്സ്​വെല്‍ നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്സ്​വെല്‍ അടിച്ചുകൂട്ടിയത്. പക്ഷേ കഴിഞ്ഞ സീസണുകളില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം. ഒടുവിലത്തെ 16 ഇന്നിങ്സുകളിലായി ആകെ 100 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.ഐപിഎലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പര്‍ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കുന്ന മിനി ലേലത്തില്‍ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1062 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മായങ്ക് അഗര്‍വാള്‍, കെ.എസ്.ഭരത്, രാഹുല്‍ ചഹര്‍, രവി ബിഷ്ണോയ്, ആകാശ് ദീപ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖര്‍.  ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നായി 293 വിദേശതാരങ്ങളും ലേലത്തിനുണ്ട്. കാമറൂണ്‍ ഗ്രീന്‍, മാത്യു ഷോട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരാണ് വിദേശതാരങ്ങളിലെ പ്രമുഖര്‍. 

45 കളിക്കാരാണ് രണ്ട് കോടി അടിസ്ഥാന വിലയിലുള്ളത്. ഷാക്കിബ് അലി ഹസന്‍ ഒരു കോടിയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചത്. ന്യൂസീലന്‍ഡിന്‍റെ ഇന്ത്യന്‍ വംശജനായ താരം ആദിത്യ അശോകിന് 75 ലക്ഷമാണ് അടിസ്ഥാനവില. ഇന്ത്യന്‍ വേരുകളുള്ള മലേഷ്യന്‍ താരം വിരന്‍ദീപ് സിങിന് 30 ലക്ഷവുമാണ് അടിസ്ഥാന വില. 237.55 കോടി രൂപയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കീശയിലുള്ളത്. ഇതില്‍ കെകെആറിന് 64.30 കോടിയും ചെന്നൈ സൂപ്പര്‍കിങ്സിന് 43.40 കോടിയുമുണ്ട്. മറ്റുള്ളവര്‍ക്കെല്ലാമായി 129.85 കോടിയുമാണുള്ളത്. 77 സ്ലോട്ടുകളാണ് ലേലത്തില്‍ ഓപ്പണാവുക. ഇതില്‍ 31 എണ്ണം വിദേശതാരങ്ങള്‍ക്കായുള്ളതാണ്. 

ENGLISH SUMMARY:

Australian all-rounder Glenn Maxwell has withdrawn from the upcoming IPL mini-auction, confirming his decision to opt out of the tournament for the first time since 2019. Maxwell, who had a disappointing last season with only 100 runs across 16 innings and was sidelined by injury, requested his name be removed from the list. The mini-auction, scheduled for December 16 in Abu Dhabi, has received 1355 registrations, including 1062 Indian and 293 foreign players. Prominent Indian names include Mayank Agarwal and Prithvi Shaw, while foreign stars like Cameron Green, Matthew Short, and Steve Smith are also listed. 45 players have set their base price at ₹2 crore. Franchises collectively hold ₹237.55 crore, with KKR having the highest purse (₹64.30 crore) and 77 slots available (31 for overseas players)