Image Credit: Instagram.com/ramchandra.agarwal15
ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്കുള്ള വഴിയില്‍ റോഡരികില്‍ തന്നെയാണ് വിശാല്‍ മെഗാ മാര്‍ട്ടിന്റെയും വി2 റീട്ടെയിലിന്റെയും ആസ്ഥാനങ്ങള്‍. രണ്ടിനെയും വേര്‍തിരിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡ് രാം ചന്ദ്ര അഗര്‍വാള്‍ എന്ന ബിസിനസുകാരനെ സംബന്ധിച്ച് തന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ദൂരമാണ്.
പോളിയോ ബാധിച്ച ശരീരത്തോട് മല്ലടിച്ച് സ്വയം വഴിവെട്ടി വന്ന് വിശാല്‍ മെഗാമാര്‍ട്ട് എന്ന റീട്ടെയില്‍ ചെയിന്‍ ഉണ്ടാക്കിയെടുത്ത മിടുക്കിനാണ് രാം ചന്ദ്ര അഗര്‍വാളിന് ആദ്യം കയ്യടി നല്‍കുക. സ്വന്തം സാമ്രാജ്യം കണ്‍മുന്നില്‍ കൈവിട്ടു പോയിട്ടും തളരാതെ പുതിയൊരു ബ്രാന്‍ഡ് വളര്‍ത്തിയെടുത്ത രാം ചന്ദ്ര അഗര്‍വാള്‍, ഇന്ന് ബിസിനസ് ലോകത്ത് സൂപ്പര്‍ ഹീറോയാണ്. കോള വിറ്റ് തുടങ്ങി, സംരംഭക വേഷം അഴിച്ചു മാറ്റാതെ 6400 കോടി രൂപ ആസ്തിയുടെ കമ്പനിയെ നയിക്കുകയാണ് ഇന്നയാള്‍.
കോള വിറ്റ് തുടക്കം
നാലാം വയസില്‍ പോളിയോ ബാധിച്ച രാം ചന്ദ്ര അഗർവാള്‍ നടന്നുതുടങ്ങിയത് ക്രച്ചസിലൂടെയാണെങ്കിലും ചെറുപ്പത്തിലെ തന്റെ മേഖല ബിസിനസാണെന്ന് കണ്ടെത്തിയിരുന്നു. ബിരുദത്തിന് ശേഷം 1986 ല്‍ കൊല്‍ത്തയില്‍ കോള വിറ്റും ഫോട്ടോസ്റ്റാറ്റ് കട ആരംഭിച്ചും സ്ഥിര വരുമാനം കണ്ടെത്തി. ഒരു വര്‍ഷത്തോളം ഫോട്ടോസ്റ്റാറ്റ് കട നടത്തിയ ശേഷമാണ് വസ്ത്രവ്യാപാരത്തിലേക്ക് ഇറങ്ങിയത്. കൊല്‍ക്കത്തയിലെ ലാല്‍ ബസാറില്‍ 'വിശാല്‍' എന്ന പേരിൽ തുടങ്ങിയ തുണിക്കടയിൽ നിന്നാണ് 'വിശാൽ റീട്ടെയിൽ' എന്ന വലിയ സ്വപ്നത്തിന്‍റെ തുടക്കം.
തുണി വാങ്ങി തയ്ച്ച് ശീലമുള്ള ബംഗാളിക്ക് മുന്നിൽ അന്ന് 'വിശാല്‍' പുതിയ ആശയമായി. കുറഞ്ഞ ചിലവിൽ റെഡിമെയ്ഡ് വസ്ത്രങ്ങളിലായിരുന്നു രാം ചന്ദ്രയുടെ ബിസിനസ്. 1990 ആയപ്പോഴേക്കും 'വിശാലിന്' കൊല്‍ക്കത്തയില്‍ നാല് സ്റ്റോറുകള്‍ ഉണ്ടായിരുന്നു. 15 വര്‍ഷത്തോളം ലാല്‍ ബസാറില്‍ നിന്ന് അനുഭവിച്ച കച്ചവട തന്ത്രങ്ങളുമായി രാം ചന്ദ്ര കൊല്‍ക്കത്ത വിട്ട് ഡല്‍ഹിയിലേക്ക് മാറി. പിറന്നാട്ടില്‍ നിന്നും മാറേണ്ടി വന്നതിന്റെ കാരണം ചില യൂണിയന്‍ പ്രശ്‌നങ്ങളാണെന്ന് രാം ചന്ദ്ര ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
വിശാൽ റീട്ടെയിലിന് തുടക്കം
2001 ലാണ് ഡല്‍ഹിയിലെ രജൗറി ഗാര്‍ഡനില്‍ വിശാല്‍ റീട്ടെയിലിന്‍റെ ആദ്യ വാല്യൂ റീട്ടെയില്‍ ഷോപ്പ് ആരംഭിച്ചത്. വിശാൽ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ 2003 ൽ ഇന്ത്യയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് രീതിയിൽ വിശാൽ മെഗാമാർട്ടും തുറന്നു. കൊൽക്കത്തയിൽ തുണിത്തരങ്ങള്‍ മാത്രം വിറ്റിരുന്ന വിശാല്‍ 2004 ആയപ്പോഴേക്കും 50 സ്റ്റോറുകളുള്ള ഫര്‍ണിച്ചര്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ഹൈപ്പർമാർക്കറ്റ് ശ്രംഖലയായി മാറി.
2007 ലെ ഐപിഒ
ലോവർ മിഡിൽ, മിഡിൽ ക്ലാസ് വരുമാനക്കാരെയാണ് വിശാൽ റീട്ടെയിൽ ലക്ഷ്യമിട്ടിരുന്നത്. ഇത്തരക്കാർ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ ഷോപ്പ് തുറക്കാനായത് വീശാൽ റീട്ടെയിലിനെ വിജയിയാക്കി. 2007 ൽ 18 നഗരങ്ങളിലായി 50 റീട്ടെയിൽ സ്റ്റോറുകളാണ് കമ്പനിക്കുണ്ടായത്. 12,82,000 ചതുരശ്ര അടിയായിരുന്നു അക്കാലത്ത് വിശാലിന്‍റെ ശേഷി. 2007 ജൂണില്‍ വിശാല്‍ റീട്ടെയിലിന്‍റെ 110 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന നടന്നു. പിന്നീട് 2200 കോടി മൂല്യമായുള്ള കമ്പനിയായി വളർന്നെങ്കിലും 2008 ലെ സാമ്പത്തിക മാന്ദ്യം കമ്പനിയുടെ അടിവേരിളക്കി.
വളർച്ചയും തളർച്ചയും
കമ്പനി വിപുലപ്പെടുത്താനായി ഉണ്ടായ ഉയര്‍ന്ന കടം, മുതിര്‍ന്ന മാനേജ്മെന്റിന്റെ അഭാവം അടക്കമുള്ള കാര്യങ്ങള്‍ തിരിച്ചടിയായി. സാമ്പത്തിക മാന്ദ്യത്തോടെ ഉപഭോക്തൃ ചെലവാക്കല്‍ ചുരുങ്ങിയത് കമ്പനിക്ക് സാമ്പത്തികമായി പ്രതിസന്ധിയുണ്ടാക്കി. ഉയർന്ന പലിശ നിരക്കുകൾ വന്നതും ഇന്ത്യൻ റീട്ടെയിൽ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. മാന്ദ്യത്തിന് മുൻപായി 32 നഗരങ്ങളിൽ പുതിയ സ്റ്റോർ ആരംഭിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം.
2009-ൽ വിശാൽ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഏകദേശം 730 കോടി രൂപയുടെ കടം കുന്നുകൂടുകയും ചെയ്തു. കോർപ്പറേറ്റ് കടം പുനഃക്രമീകരണത്തിലേക്ക് നീങ്ങിയ കമ്പനിക്ക് 2011 ൽ കടം തീർക്കാൻ റീട്ടെയിൽ, ഹോള്‍സെയില്‍ ബിസിനസുകള്‍ വിൽക്കേണ്ടി വന്നു.
2,200 കോടിയിൽ നിന്ന് 70 കോടിയിലേക്ക്
ഒരു സമയം 2,200 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനി വെറും 70 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഗ്രൂപ്പിന് റീട്ടെയിൽ ബിസിനസും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രൂപ്പിന് ഹോള്‍സെയിൽ ബിസിനസും വിറ്റു. 70 കോടിയിൽ കടംവീട്ടിയ ശേഷം വെറും 10 കോടി രൂപയാണ് രാം ചന്ദ്ര അഗർവാളിന് ലഭിച്ചത്. വിശാൽ മാർട്ട് എന്ന ബ്രാൻഡ് നെയിം കൂടി വിറ്റതോടെ രാം ചന്ദ്ര അഗർവാള്‍ കമ്പനിയുടെ പേരുമാറ്റി.
വി2 വിൻറെ തുടക്കം
2011 ലാണ് വി2 റീട്ടെയില്‍ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നത്. പഴയ കമ്പനി വിറ്റതിൽ നിന്നും ലഭിച്ച പത്ത് കോടിക്കൊപ്പം വീണ്ടും ബിസിനസ് ആരംഭിക്കാനുള്ള മൂലധനം കണ്ടെത്തുന്നതിന് കമ്പനി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും ഇറങ്ങുന്നുണ്ട്. അങ്ങനെ 2012 ലാണ് വി2 റീട്ടെയിലിന്‍റെ ആദ്യ ഷോറും ജംഷദ്പൂരിൽ ആരംഭിക്കുന്നത്. 2013 ല്‍ 100 കോടി വിറ്റുവരവ് കൈവരിക്കാൻ വി2വിനായി. 2014 ല്‍ 14 സ്റ്റോറും 2016 ല്‍ 22 സ്റ്റോറുമായി വളർന്ന കമ്പനി ഇന്ന് 112 നഗരങ്ങളിൽ 150 ലധികം സ്റ്റോറുകളുള്ള കമ്പനിയാണ്.
വിശാൽ മാർട്ടിൽ പയറ്റിയ കുറഞ്ഞ വിലയിൽ വിൽക്കുക എന്ന തന്ത്രം തന്നെയാണ് വി2 റീട്ടെയിലിൻെറയും കരുത്ത്. 2025 സാമ്പത്തിക വർഷം കമ്പനിയെ 72 കോടിരൂപ ലാഭത്തിലെത്തിക്കാനും രാം ചന്ദ്രയ്ക്ക് സാധിച്ചു.
6,400 കോടി മൂല്യമുള്ള കമ്പനി
വിശാൽ റീട്ടെയിൽ കമ്പനിയുടെ അവസാന കാലത്ത് 30 രൂപ നിലവാരത്തിലായിരുന്നു കമ്പനിയുടെ ഓഹരി വില. പേരുമാറ്റിയ വി2 റീട്ടെയിലിൻറെ ഓഹരി ഇന്ന് വ്യാപാരം നടക്കുന്നത് 1,860 രൂപയിലാണ്. കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം എന്നത് 6430 കോടിക്ക് മുകളിലാണ്.