ഡിസംബര്‍ 16. ഐപിഎല്‍ ടീമുകള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. അബുദാബിയിലെ ലേല ടേബിളിലേക്ക് എത്തുമ്പോള്‍ പ്ലാനിങ്ങെല്ലാം കറക്ടാവണം. ഉയര്‍ന്നു താഴുന്ന ഹാമറിന്‍റെ ഓരോ അടിയും മാനേജ്‌മെന്റുകളുടെ നെഞ്ചിടിപ്പ് ഏറ്റും. 350 പേരുടെ ലേല പട്ടികയില്‍ വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്കാണ് സര്‍പ്രൈസ് എന്‍ട്രി. ഒരു ഫ്രാഞ്ചൈസിയുടെ ആവശ്യപ്രകാരമാണ് ഡി കോക്കിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. 77 സ്ലോട്ടുകള്‍ക്ക് വേണ്ടിയാണ് ഈ 350 പേരുടെ മത്സരം.
64 കോടിയുമായി അബുദാബിയിലെത്തുന്ന കൊല്‍ക്കത്ത തന്നെയാണ് ലേലത്തിലെ റിച്ചസ്റ്റ് ടീം. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ തൂക്കാന്‍ തന്നെയാകും കെകെആറിന്‍റെ വരവ്. ഡി കോക്ക് പോയതോടെ നല്ലൊരു വിക്കറ്റ് കീപ്പറേയും ടീമിന് വേണം. ചെന്നൈ ഒഴിവാക്കിയ ശ്രീലങ്കന്‍ പേസര്‍ പതിരാനയും കെകെആറിന്‍റെ റഡാറിലുണ്ട്. പഴ്സില്‍ കാശ് കൂടുതലുള്ളതിനാല്‍ കൊല്‍ക്കത്ത എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ് ടീമുകളേയും ബാധിക്കുമെന്നുറപ്പാണ്.
ഓൾറൗണ്ടറായ കാമറൂൺ ഗ്രീനിനെ ബാറ്റർമാരുടെ പട്ടികയിലാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം ലേലത്തിൽ വരുന്നത് ബാറ്റർമാർ ആയതിനാല്‍ ഗ്രീനിനായി അരയും തലയും മുറുക്കി ടീമുകൾ ഇറങ്ങും. മറക്കാനാഗ്രഹിക്കുന്ന രണ്ട് സീസണുകള്‍ക്ക് ശേഷമാണ് ചെന്നൈയുടെ വരവ്. റീട്ടൈനിങ് കഴിഞ്ഞതോടെ വയസ്സന്‍മാരുടെ ടീം എന്ന ചീത്തപ്പേര് ചെന്നൈ മാറ്റിയിട്ടുണ്ട്. സഞ്ജു സാംസൺ കൂടി എത്തിയതോടെ ബാറ്റിംഗ് ശക്തമായെങ്കിലും ഒരു ക്ലിനിക്കല്‍ ഫിനിഷറെ സിഎസ്കെയ്ക്ക് ആവശ്യമുണ്ട്. ലിയാം ലിവിങ്സ്റ്റണും ഡേവിഡ് മില്ലറും നല്ല ചോയ്സുകളാണ്. അശ്വിന്‍ ഒഴിച്ചിട്ട സ്പേസിലേക്കും ഒരാളെ വേണം. വിദേശ സ്പിന്നറായി നൂര്‍ അഹമ്മദ് ഉള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങളായ രവി ബിഷ്ണോയ് അതല്ലെങ്കില്‍ രാഹുല്‍ ചഹര്‍ എന്നിവരാണ് ഓപ്ഷനുകള്‍. വിദേശ പേസറായി മുസ്തസിഫുര്‍ റഹ്മാനെയും പരിഗണിക്കാവുന്നതാണ്. 9 സ്ലോട്ടുകള്‍ക്കായി ചെന്നൈയുടെ പഴ്സില്‍ 43. 4 കോടിയുണ്ട്.
16 കോടി മാത്രം കയ്യിലുള്ള ആര്‍സിബി നോക്കിയിറങ്ങിയില്ലെങ്കില്‍ പണി പാളും. ബാറ്റിങില്‍ ടീമിന് പേടിക്കാന്‍ ഒന്നുമില്ല. പ്രധാനമായും ജോഷ് ഹെയ്സല്‍വുഡിന് ഒരു പങ്കാളിയെയാണ് ആര്‍സിബിക്ക് ആവശ്യം. അതോടൊപ്പം ഒരു ഇന്ത്യന്‍ പേസറേയും സ്പിന്നറേയും ഈ മിനിമം തുക കൊണ്ട് ചാംപ്യന്‍മാര്‍ കണ്ടെത്തിയേ മതിയാകൂ. വെറും 2.75 കോടി മാത്രം കയ്യിലുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ചോയ്സ് എന്താകും എന്നതിലാണ് കൗതുകം. റീട്ടൈയ്നിങ്ങിലെയും ട്രേഡിലെയും കൃത്യമായ പ്ലാനിങ്ങിലൂടെ ഒരു പ്ലെയിങ് ഇലവന്‍ തന്നെ മുംബൈ സെറ്റാക്കിയിട്ടുണ്ട്. അണ്‍ ക്യാപ്ഡ് താരങ്ങളെയാകും ദൈവത്തിന്‍റെ പോരാളികള്‍ ലക്ഷ്യമിടുക.
11.5 കോടിയും ഫിൽ ചെയ്യാൻ 4 സ്ലോട്ടുകളുമായാണ് പഞ്ചാബ് കിങ്‌സ് എത്തുക. പ്രധാനമായും ഒരു മികച്ച മധ്യനിര ബാറ്ററെയാണ് പഞ്ചാബിന് ആവശ്യം. സൺറൈസസ് ഹൈദരാബാദിന്റെ പേഴ്സിൽ 25.5 കൊടിയും ഇനി വേണ്ടത് 10 താരങ്ങളെയും ആണ്. ഷമിക്കു പകരം ഒരു മികച്ച ഇന്ത്യൻ പേസറിയും സ്പിന്നർമാരെയും എസ്ആർഎച്ച് ലക്ഷ്യമിടും. 16 കോടിയുമായി എത്തുന്ന രാജസ്ഥാൻ റോയൽസും 22 കോടി വീതം എത്തുന്ന ലഖ്നൗവും ഡൽഹിയും 12 കോടി കയ്യിലുള്ള ഗുജറാത്ത് ടൈറ്റൻസും ഒരുങ്ങി തന്നെയാകും അബുദാബിയിൽ വിമാനം ഇറങ്ങുക.