മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ (എഎംസി) പ്രവർത്തനം അവസാനിപ്പിച്ചാൽ തങ്ങളുടെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പല നിക്ഷേപകരും. എന്നാൽ കമ്പനികൾ പൂട്ടിയാലും നിക്ഷേപകരുടെ പണത്തിന് യാതൊരുവിധ ഭീഷണിയുമില്ല. മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ ഘടന നിക്ഷേപകരെ സുരക്ഷിതരാക്കുന്നു. അതിനാല്‍ കമ്പനി പൂട്ടിയാലും നിക്ഷേപത്തിന് യാതൊരു പ്രശ്നവും സംഭവിക്കില്ലെന്നതാണ് ഉത്തരം. 

Also Read: പണമിടപാടിന് ഇന്‍റര്‍നെറ്റ് വേണ്ട; ആപ്പ് തുറക്കേണ്ട; യുപിഐയില്‍ പുതിയ രണ്ടു ഫീച്ചറുകള്‍

മ്യൂച്വൽ ഫണ്ട് കമ്പനിയും (എഎംസി) മ്യൂച്വൽ ഫണ്ട് സ്കീമും നിയമപരമായും ഘടനാപരമായും രണ്ടാണ്.  മ്യൂച്വൽ ഫണ്ടുകൾ ട്രസ്റ്റ് ആയിട്ടാണ് രൂപീകരിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് സ്കീമിന്റെ ആസ്തികൾ സൂക്ഷിക്കുന്നത്. ഈ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുക മാത്രമാണ് അസറ്റ് മാേനജ്മെന്റ് കമ്പനികളുടെ ഉത്തരവാദിത്വം. സെബിയിൽ രജിസ്റ്റർ ചെയ്ത കസ്റ്റോഡിയൻ വഴിയാണ് ഓഹരികളും മറ്റ് സെക്യൂരിറ്റികളും പ്രത്യേകം സൂക്ഷിക്കുന്നത്. 

ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് ഒരു സ്കീം കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. സ്കീം മറ്റൊരു എഎംസിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അവസാനിപ്പിക്കുകയോ ചെയ്യാം. സ്കീമിനെ മറ്റൊരു ഫണ്ട് ഹൗസ് ഏറ്റെടുക്കുകയാണെങ്കിൽ നിക്ഷേപകർക്ക് പുതിയ എഎംസിക്ക് കീഴിൽ അവരുടെ യൂണിറ്റുകൾ തുടർന്നും നിലനിർത്താം. സ്കീം അവസാനിപ്പിക്കുകയാണെങ്കിൽ ആസ്തികൾ വിറ്റ് പണമാക്കി തുക നിക്ഷേപകർക്ക് തിരികെ നൽകും.

‌ഒരു എ‌എം‌സി അടച്ചുപൂട്ടിയാലും നിക്ഷേപകരുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ അപ്രത്യക്ഷമാകില്ല. കാരണം ആസ്തികള്‍ എഎംസിയുടെ ബാലൻസ് ഷീറ്റിന്റെ ഭാഗമല്ല. എ‌എം‌സികള്‍ ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപങ്ങളുടെ ഉടമസ്ഥാവകാശം വഹിക്കുന്നില്ല. അതിനാൽ സ്കീമിന്റെ കൈവശമുള്ള നിക്ഷേപങ്ങള്‍ യൂണിറ്റ് ഉടമകളുടേതായി തുടരും.

രണ്ടു സാഹചര്യങ്ങള്‍ക്കും ഇന്ത്യയില്‍ നേരത്തെ ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. 2020-ൽ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഇന്ത്യ എന്ന അസറ്റ് മാനേജ്മെന്‍റ് സ്ഥാപനം ആറ് ഡെറ്റ് സ്കീമുകൾ പൂട്ടിയപ്പോള്‍ സ്കീമുകളുടെ കൈവശം തന്നെയായിരുന്നു ആസ്തികൾ. പിന്നീട് ആസ്തികള്‍ വിറ്റ് 25,000 കോടി രൂപയിലധികം നിക്ഷേപകർക്ക് തിരികെ നൽകുകയായിരുന്നു. 

മോർഗൻ സ്റ്റാൻലി ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസ് അവസാനിപ്പിച്ച ശേഷം ഈ സ്കീമുകള്‍ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഏറ്റെടുക്കുകയയിരുന്നു. നിക്ഷേപകർക്ക് തങ്ങളുടെ യൂണിറ്റുകള്‍ വിറ്റൊഴിയേണ്ടി വരാതെ തന്നെ പുതിയ എഎംസിക്ക് കീഴിൽ നിക്ഷേപം നിലനിർത്താൻ കഴിഞ്ഞു.

ENGLISH SUMMARY:

Many investors worry whether their money is safe if an asset management company (AMC) managing their mutual fund investments shuts down operations. However, mutual fund companies and the actual schemes are structurally and legally separated, ensuring that investor funds remain fully secure. If an AMC faces operational difficulties, the schemes are either transferred to another fund house or wound up with assets liquidated and returned to the investors. Historical Indian examples, such as Franklin Templeton and Morgan Stanley, demonstrate that investors' capital is completely protected during such transitions.