മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് കമ്പനികള്‍ ഈടാക്കുന്ന എക്സ്പെന്‍സ് റേഷ്യോ കുറച്ച് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്നതിന് അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് എക്സ്പെന്‍സ് റേഷ്യോ. മ്യൂച്വൽ ഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോയില്‍ കൂടുതല്‍ വ്യക്തത വരുത്തിയ സെബി ഫണ്ട് ഹൗസുകള്‍ ഈടാക്കാവുന്ന പരിധിയും കുറച്ചു.2026 ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും .
വിവിധ നിയമാനുസൃതമായ ചാർജുകളും റെഗുലേറ്ററി ഫീസുകളും ഉൾപ്പെടുന്നതായിരുന്നു മ്യൂച്വൽ ഫണ്ട് എക്സ്പെൻസ് ലിമിറ്റ്. അതിനാൽ നിക്ഷേപകർ യഥാർത്ഥത്തിൽ ഫണ്ട് ഹൗസിന് നൽകുന്ന തുക എത്രയാണെന്നും നികുതിയായും മറ്റും നൽകുന്ന തുക എത്രയാണെന്നും വ്യക്തമായിരുന്നില്ല. ഈ ചെലവുകള്‍ കൃത്യമായി വേര്‍തിരിക്കുകയാണ് സെബി.
എക്സ്പെന്‍സ് റേഷ്യോയെ ഇനി മുതല്‍ ബേസ് എക്സ്പെന്‍സ് റേഷ്യോ അഥവാ ബിഇആര്‍ എന്നാണ് വിളിക്കുക. മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ക്ക് ഫണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി വരുന്ന അടിസ്ഥാന ഫീസാകും ബേസ് എക്സ്പെന്‍സ് റേഷ്യോ. നിയമാനുസൃതമായ നികുതികളും റെഗുലേറ്ററി ചാര്‍ജുകളും ഒഴികെയുള്ള ഫീസാണിത്. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്, കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ്, ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി, സെബി ഫീസുകള്‍, എക്സ്ചേഞ്ച് ഫീസുകള്‍ എന്നിവ ഇനി മുതല്‍ ബിഇആര്‍ പരിധിയില്‍ വരില്ല. പകരം ഇവ പ്രത്യേകം ഈടാക്കും.
മ്യൂച്വല്‍ ഫണ്ടിലെ ആകെ എക്സ്പെന്‍സ് റേഷ്യോയില്‍ നാലു ഘടകങ്ങളുണ്ടാകും. ബേസ് എക്സ്പെന്‍സ് റേഷ്യോ, ബ്രോക്കറേജ്, നിയമാനുസൃതമായ നികുതികള്‍, റെഗുലേറ്ററി ചാര്‍ജുകള്‍ എന്നിവ. പരിഷ്കാരത്തോടെ ചെലവ് ഘടന കൂടുതല്‍ വ്യക്തതയുള്ളതാകും. എന്നാല്‍ നിക്ഷേപകര്‍ നല്‍കുന്ന തുകയില്‍ കാര്യമായ കുറവ് ഉണ്ടാകില്ല. ബേസ് എക്സ്പെന്‍സ് റേഷ്യോ പരിധി കുറച്ചതോടെ നിക്ഷേപകര്‍ക്ക് ചെറിയ നേട്ടം പ്രതീക്ഷിക്കാം.
ഇന്‍ഡെക്സ് ഫണ്ടുകള്‍ക്കും ഇടിഎഫുകള്‍ക്കും ഈടാക്കുന്ന ബിഇആര്‍ ഒരു ശതമാനത്തില്‍ നിന്നും 0.9 ശതമാനമാക്കി കുറച്ചു. ഓപ്പണ്‍ എന്‍ഡഡ് വിഭാഗത്തില്‍ 500 കോടി രൂപ വരെയുള്ള ആസ്തി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഈടാക്കാവുന്ന എക്സ്പെന്‍സ് റേഷ്യോ പരിധി 2.10 ശതമാനമാക്കി കുറച്ചു. നേരത്തെ ഇത് 2.25 ശതമാനമായിരുന്നു. നോണ്‍ ഇക്വിറ്റി ഫണ്ടുകള്‍ക്ക് 1.85 ശതമാനമാക്കി കുറച്ചു. നേരത്തെയിത് രണ്ടു ശതമാനമായിരുന്നു.
50,000 കോടിക്ക് മുകളില്‍ എയുഎം ഉള്ള ഫണ്ടുകള്‍ക്ക് ഇനി മുതല്‍ 0.95 ശതമാനം വരെ മാത്രമെ എക്സ്പെന്‍സ് റേഷ്യോ ഈടാക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ ഇത് 1.05 ശതമാനമായിരുന്നു.