modi-on-unclaimed-money

ബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന 2000 കോടി രൂപ യാഥാര്‍ഥ ഉടമകള്‍ക്ക് തിരികെ നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' പദ്ധതിയിലൂടെയാണ് സ്വന്തം പണം റീ–ക്ലെയിം ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അവസരമൊരുക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മറന്നുപോയ ആസ്തികള്‍ തിരിച്ചു പിടിക്കാന്‍ സുവര്‍ണാവസരമായി ഇതിനെ കണ്ട് അക്കൗണ്ടുകള്‍ പരിശോധിക്കുകയും പണം തിരികെ വാങ്ങുകയും വേണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 

രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് കോടികളാണ് അവകാശികളില്ലാതെ കിടക്കുന്നത്. ബാങ്കുകളില്‍ മാത്രം 78,000 കോടി രൂപയും ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഏകദേശം 14,000 കോടി രൂപയുമാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഇതിന് പുറമെ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ കൈവശം 3000 കോടിയും 9000 കോടി രൂപ വിലമതിക്കുന്ന കടപ്പത്രങ്ങളും അവകാശികളില്ലാതെ കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

അക്കൗണ്ടുകളിലുള്ള ഈ തുക തിരികെപ്പിടിക്കുന്നതിനായി പൗരന്‍മാരെ സഹായിക്കുന്നതിന് പോര്‍ട്ടലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  ആര്‍ബിഐയുടെ UDGAM പോര്‍ട്ടല്‍, ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്‍റ് റഗുലേറ്ററി ഡവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബിമാ ഭറോസ പോര്‍ട്ടല്‍, സെബിയുടെ മിത്ര പോര്‍ട്ടല്‍, സഹകരണ വകുപ്പിന്‍റെ IEPFA പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  രാജ്യത്തെ ഗ്രാമ–നഗരങ്ങളിലായി ഇത് സംബന്ധിച്ച ബോധവല്‍ക്കരണ ക്യാംപുകള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെയും റഗുലേറ്ററി ബോഡികളുടെയും ബാങ്കുകളുടെയുമെല്ലാം ശ്രമഫലമായി രണ്ടായിരം  കോടി രൂപയോളം ജനങ്ങള്‍ക്ക് മടക്കി നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Prime Minister Narendra Modi announced that ₹2000 crore of unclaimed money lying in banks and financial institutions has been successfully returned to its rightful owners through the 'Your Money, Your Right' initiative launched in October. He urged citizens to check their accounts and reclaim forgotten assets. The government highlighted that vast sums—including ₹78,000 crore in banks, ₹14,000 crore in insurance companies, and thousands more in mutual funds—remain unclaimed. Portals like RBI's UDGAM, IRDAI's Bima Bharosa, SEBI's MITRA, and the Co-operative Department's IEPFA have been set up to facilitate the process, with awareness camps being held across the country.