ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സ്വർണം വാങ്ങിയിട്ടുണ്ടോ? ഡിജിറ്റൽ ഗോൾഡ് നിക്ഷേപ രീതിയിൽ റിസ്കുണ്ടെന്നാണ് സെബി അഥവാ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പറയുന്നത്. ഓഹരി വാങ്ങുന്നത് പോലെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചാൽ സെബിയുടെ പരിരക്ഷ ലഭിക്കില്ലെന്ന് ചുരുക്കം.
നാണയങ്ങളും ആഭരണങ്ങളും പോലുള്ള ഭൗതിക സ്വർണത്തിന് ബദലായി ഉയർത്തിക്കാട്ടുന്ന നിക്ഷേപമാണ് ഡിജിറ്റൽ ഗോൾഡ്. എന്നാൽ ഡിജിറ്റൽ ഗോൾഡ് ഒരു നിയന്ത്രണ സംവിധാനത്തിന്റെയും പരിധിയിൽ വരുന്നില്ലെന്നാണ് സെബി പറയുന്നത്. ഡിജിറ്റൽ ഗോൾഡിനെ സെക്യൂരിറ്റികളായോ ഡെറിവേറ്റീവുകളായോ തരംതിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. ഡിജിറ്റൽ ഗോൾഡ് കമ്പനികൾ സാമ്പത്തിക പ്രതിസന്ധിനേരിട്ടാൽ നിക്ഷേപകർക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സെബിയുടെ മുന്നറിയിപ്പ്.
സ്വർണം കൈവശം വെക്കാതെ ഇലക്ട്രോണിക് രീതിയിൽ വാങ്ങാം എന്നതാണ് ഡിജിറ്റൽ ഗോൾഡിന്റെ ജനപ്രീതിക്ക് കാരണം. എപ്പോൾ വേണമെങ്കിലും വാങ്ങാനും വിൽക്കാനും സാധിക്കും. ഒരു രൂപ മുതൽ നിക്ഷേപം നടത്താം. ഭൗതിക സ്വർണ്ണത്തിന്റെ വിലയുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ സ്വർണ്ണത്തിന്റെയും വില. ആവശ്യമുള്ളപ്പോൾ നിക്ഷേപം ഭൗതിക സ്വർണ്ണമായി മാറ്റാനും കഴിയും.
ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം സ്വീകരിക്കുമ്പോൾ കമ്പനികൾ ഇതിന് ആനുപാതികമായി സ്വർണം വാങ്ങി സൂക്ഷിക്കണം എന്നാണ് ചട്ടം. ഉദാഹരണമായി 100 രൂപയ്ക്ക് ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ തുല്യമായ ഭൗതിക സ്വർണം ഡിജിറ്റൽ ഗോൾഡ് കമ്പനികൾ വാങ്ങി സൂക്ഷിക്കണം. എന്നാൽ ഇത് യഥാർഥത്തിൽ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ല. ഡിജിറ്റൽ ഗോൾഡ് വിൽക്കുന്ന 85 ശതമാനം പേരും ഭൗതിക സ്വർണം ആവശ്യപ്പെടാറില്ല. കമ്പനി വേണ്ടത്ര സ്വർണം വാങ്ങി സൂക്ഷിക്കുന്നില്ലെങ്കിൽ ഒരാൾ നിക്ഷേപം പിൻവലിക്കുമ്പോൾ പുതിയ നിക്ഷേപകരുടെ പണത്തിൽ നിന്ന് തുക മടക്കി നൽകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ റിസ്ക് ഉയരും.
ഒരു ബ്രോക്കർ ആപ്പ് വഴി ഓഹരി വാങ്ങുമ്പോൾ ഷെയറുകൾ സിഡിഎസ്എൽ (CDSL), എൻഎസ്ഡിഎൽ (NSDL) പോലുള്ള, സർക്കാർ പിന്തുണയുള്ള ഡെപ്പോസറ്ററികളിലാണ് സൂക്ഷിക്കുന്നത്. ബ്രോക്കർ പൂട്ടിപ്പോയാലും ഓഹരികൾ സുരക്ഷിതമായിരിക്കും. കാഴ്ചയിൽ ഡിജിറ്റൽ ഗോൾഡ് ഇങ്ങനെയെന്ന് തോന്നുമെങ്കിലും ഇവ പരിശോധിക്കാൻ ആരുമില്ല. അതായത് ഡിജിറ്റൽ ഗോൾഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ നിക്ഷേപക താൽപര്യം സംരക്ഷിക്കാൻ നിയമപരമായ സംവിധാനങ്ങൾ നിലവിലില്ല എന്നാണ് സെബി പറയുന്നത്.