സ്വര്‍ണ വില ഉയര്‍ന്നു നിന്ന സമയത്ത് സ്വര്‍ണ പണയ വായ്പകളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ഈ സമയത്തു തന്നെ സ്വര്‍ണ പണയ തിരിച്ചടവ് മുടങ്ങിയവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. സ്വർണ്ണ വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണം 2026 മാര്‍ച്ച്- ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി എന്നാണ് ട്രാൻസ് യൂണിയൻ സിബിലിന്റെ കണക്ക്.
ഈടുവച്ച് എളുപ്പത്തില്‍ വലിയ തുക ലഭിക്കുമെന്നതിനാല്‍ സ്വര്‍ണ പണയത്തോട് താല്പര്യം കൂടുന്ന കാലമാണിത്. സ്വര്‍ണ പണയമെടുക്കുകയാണെങ്കില് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നതടക്കം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ എന്തു ചെയ്യണം എന്നതിലടക്കം വ്യക്തത വേണം.
ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കിയ ആര്‍ബിഐയുടെ സ്വര്‍ണ പണയ ചട്ടങ്ങള്‍ പ്രകാരം നേരത്തെയുള്ളതിനേക്കാള്‍ തുക വായ്പയായി ലഭിക്കും. പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 75 ശതമാനം വരെയായിരുന്നു നേരത്തെ മൂല്യമായി (ലോണ്‍ ടു വാല്യു റേഷ്യ) കണ്കാക്കിയിരുന്നത്.
ഇപ്പോള്‍ 2.50 ലക്ഷം രൂപ വരെയുള്ള വായ്പകളാണെങ്കില്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും. 2.50 ലക്ഷത്തിനും അഞ്ചു വക്ഷത്തിനും ഇടയിലാണെങ്കില്‍ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ 75 ശതമാനവുമാണ് ലോണ്‍ ടു വാല്യു റേഷ്യോ. വായ്പ തുകയ്ക്ക് അനുസരിച്ച് കൂടിതല്‍ തുക വായ്പയായി ലഭിക്കും.
എങ്ങനെ ഈ തുക കണ്ടെത്തും എന്നതാണ് പ്രധാനം. കഴിഞ്ഞ 30 ദിവസത്തെ വിപണിയിലെ ക്ലോസിംഗ് വിലയുടെയോ ശരാശരിയോ മുൻ ദിവസത്തെ ക്ലോസിംഗ് വിലയോ, ഏതാണ് കുറവ് എന്നത് പരിഗണിച്ച് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കും. പണിക്കൂലി, സ്വര്ണാഭരണത്തിലുള്ള കല്ലുകൾ, രത്നങ്ങൾ എന്നിവ വായ്പ തുകയ്ക്ക് പരിഗണിക്കില്ല.
വായ്പയെടുത്ത തുകയും പലിശയും കാലാവധിയുടെ അവസാനം ഒന്നിച്ച് അടച്ചു തീർക്കുന്ന ബുള്ളറ്റ് റീപേയ്മെന്റ് രീതിയുടെ കാലാവധി പരാമാവധി 12 മാസമായി നിജപ്പെടുത്തി. തിരിച്ചടവിന് ശേഷം എളുപ്പത്തില്‍ പണയ വസ്തു തിരികെ ലഭിക്കും. വായ്പ അവസാനിപ്പിക്കുന്ന ദിവസമോ ഏഴു പ്രവര്‍ത്തി ദിവസത്തിനുള്ളിലോ പണയ വസ്തു തിരികെ നല്‍കണം. വൈകിയാല്‍ ഓരോ ദിവസത്തിനും ബാങ്ക് 5,000 രൂപ വീതം ഇടപാടുകാരന് നല്‍കണം.
സ്വർണം ലേലം ചെയ്യുന്നതിന് മുന്‍പ് കൃത്യമായ അറിയിപ്പ് നൽകണം. പണയത്തില്‍ ബാങ്ക് തീരുമാനിക്കുന്ന കരുതൽ വില വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലുമാകണം. ലേലത്തിൽ നിന്നുള്ളം റിക്കവറിക്ക് ശേഷം മിച്ചം വരുന്ന തുക ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരന് തിരികെ നൽകണം. തുടര്‍ച്ചയായ രണ്ടു തവണ ലേലം പരാജയപ്പെടുകയാണെങ്കില്‍ 85 ശതമാനമാക്കി കുറയ്ക്കാം.