ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നിർണായക പ്രഖ്യാപനമായ നോട്ടുനിരോധനത്തിന് ഇന്നേക്ക് പത്തുവര്‍ഷം. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനെതിരായ പോരാട്ടമെന്നു പറഞ്ഞ നടപടി രാജ്യത്തെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വട്ടംകറക്കി. 10 വര്‍ഷം പിന്നിടുമ്പോഴും നോട്ടുനിരോധനം ശരിയോ തെറ്റോ എന്ന ചര്‍ച്ച സജീവമായി തുടരുന്നു. 

രാജ്യം മറക്കാത്ത ദിവസം. പ്രധാനമന്ത്രിയുടെ അഭിസംബോധന കേള്‍ക്കാന്‍ ടെലിവിഷനു മുന്നില്‍ എത്തിയവര്‍ ഞെട്ടി. കയ്യിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവായിരിക്കുന്നു. പിന്നാലെ എ.ടി.എമ്മുകളിലേക്ക് ഓട്ടമായി, 100 രൂപ നോട്ടുകള്‍ എടുക്കാന്‍. അര്‍ധരാത്രിയോടെ എ.ടി.എമ്മുകള്‍ അടഞ്ഞു.

പിറ്റേന്ന് രാവിലെ മുതല്‍ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്കു മുന്നില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂ. മണിക്കൂറുകളോളം കാത്തുനിന്നിട്ടും പണം ലഭിക്കാതെ മടങ്ങിയവര്‍, പൊരിവെയിലത്ത് തളര്‍ന്നുവീണവര്‍, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ കഴിയാതെ ഉപഭോക്താക്കള്‍, വില്‍ക്കാനാവാതെ വ്യാപാരികള്‍... ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ ജനം വലഞ്ഞു. വിവാഹം, ചികില്‍സ, കച്ചവടം... എല്ലാം മുടങ്ങി, സമ്പദ്‌വ്യവസ്ഥ നിശ്ചലമായി.

അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദ ഫണ്ടിങ്ങിനും എതിരായ നീക്കമെന്നാണ് നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. 10 വര്‍ഷം പിന്നിടുമ്പോള്‍ ഈ ലക്ഷ്യങ്ങളെല്ലാം നേടിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. നിരോധിച്ച നോട്ടിന്‍റെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. ആഗോള അഴിമതി ഇന്‍ഡെക്സില്‍ 10 വര്‍ഷംകൊണ്ട് മുന്നേറിയത് നാല് സ്ഥാനങ്ങള്‍ മാത്രം. ആയുധക്കടത്ത് നിര്‍ബാധനം തുടരുന്നു. ഹവാല ഇടപാടുകളും വര്‍ധിച്ചു. ഡിജിറ്റല്‍ പണമിടപാട് കുതിച്ചുയര്‍ന്നു എന്നത് നേട്ടമാണെങ്കിലും കറന്‍സി ഉപയോഗം ഒട്ടും കുറഞ്ഞില്ല.  2015– 16 ല്‍ 16.42 ലക്ഷം കോടിയായിരുന്നു വിപണിയിലെ കറന്‍സി മൂല്യമെങ്കില്‍ 2025– 26 ല്‍ 41.46 ലക്ഷം കോടിയില്‍ എത്തി.

ENGLISH SUMMARY:

Today marks the 10th anniversary of demonetisation, a landmark decision in India's economic history announced by Prime Minister Narendra Modi on November 8, 2016. The sudden invalidation of ₹500 and ₹1000 notes plunged the nation into chaos as citizens queued outside banks and ATMs for daily transactions. A decade later, critical objectives like eliminating black money and curbing terrorism funding remain largely unfulfilled, with 99.3 percent of banned notes returning to the banking system. Although digital payments experienced exponential growth, overall currency usage in the economy increased dramatically from ₹16.42 lakh crore to ₹41.46 lakh crore.