പ്രതീകാത്മക ചിത്രം
യുഎസ്–ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇറാന്‍റെ തെക്കന്‍ മേഖയില്‍ വിവിധയിടങ്ങളില്‍ സ്ഫോടനം. ഖഷം, ജസക്, സിരിക്, ബന്ദര്‍ അബ്ബാസ് തുടങ്ങിയ മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനം നടന്ന കാര്യം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സ്ഫോടനങ്ങളുടെ കാരണം വ്യക്തമല്ല. അതേസമയം, ഇറാനില്‍ നിന്നും മടങ്ങിയ കപ്പല്‍ യുഎസ് പോര്‍വിമാനം ആക്രമിച്ചു.
ഒമാന്‍ കടലില്‍ വച്ചാണ് സെന്റ് കിറ്റ്സ് പതാക വഹിച്ച M/V ഹുഡ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം ശക്തമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ സംഭവങ്ങള്‍. യു.എസിന്‍റെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കപ്പലിലുള്ളവരുടെ ജീവനക്കാരുടെ വിവരങ്ങളൊന്നും സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിട്ടില്ല.
അതേസമയം രാജ്യം യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാന്റെ ആണവ രഹസ്യങ്ങൾ കൈമാറുന്നവർക്ക് അമേരിക്ക രണ്ട് കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കെയാണ് ഇറാന്‍റെ നടപടി.
അമേരിക്ക മുഖ്യ ഭീഷണിയായി ചൂണ്ടിക്കാണിക്കുന്ന മിസൈൽ പദ്ധതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇറാന്‍ നൽകുന്നത്. അതേസമയം, പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മധ്യസ്ഥരായ ഖത്തർ വ്യക്തമാക്കി. ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി അറിയിച്ചു.
അതിനിടെ യെമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. അൽ ഷരിയ മേഖലയിലെ വീടുകൾക്ക് മുകളിലാണ് ബോംബ് പതിച്ചതെന്നും സ്ത്രീകളും കുട്ടികളുമാണ് ഇരകളായതെന്നും ഹൂതികൾ ആരോപിച്ചു. സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ക്രൂസ് മിസൈലുകൾ സൗദി സേന ആകാശത്തുവെച്ചുതന്നെ തകർത്തു. ഹൂതി ഭീഷണി പ്രതിരോധിക്കാൻ സിറിയൻ സൈന്യവും സൗദിക്കൊപ്പം ചേരുകയാണ്. മൂവായിരം സിറിയൻ സൈനികരെ മേഖലയിൽ വിന്യസിക്കാൻ സിറിയൻ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചു.