Reserve Bank of India (RBI) Governor Sanjay Malhotra, centre, RBI Deputy Governors Shirish Chandra Murmu, left, Swaminathan Janakiraman, second left, Poonam Gupta, right, and Rohit Jain in a group picture before delivering the bi-monthly monetary policy, in Mumbai, Wednesday, Oct. 7, 2026. (PTI Photo/Shashank Parade)

  • റിസർവ് ബാങ്ക് നാലുവർഷത്തിനിടെ ആദ്യമായി റീപ്പോനിരക്ക് ഉയര്‍ത്തിയിട്ടും ഡോളറിനെതിരെ രൂപയുടെ തകർച്ച തുടരുന്നു. റെക്കോർഡ് താഴ്ചയായ 96.96-ന് തൊട്ടടുത്താണ് രൂപയുടെ നില. വിപണിയുടെ പ്രതികരണം യുക്തിരഹിതമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര.

പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയിട്ടും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് അറുതിയില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരത്തിന്റെ ആദ്യഘട്ടത്തിൽ രൂപ നേരിയ മുന്നേറ്റം പ്രകടമാക്കിയെങ്കിലും പിന്നീട് കനത്ത ഇടിവ് നേരിട്ടു. ഒരുഘട്ടത്തില്‍ ഡോളറിന് 96.8450 എന്ന നിരക്കുവരെയെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മേയ് ഇരുപതിന് രേഖപ്പെടുത്തിയ 96.96 ആണ് റെക്കോര്‍ഡ്. വ്യാപാരം അവസാനിക്കുമ്പോള്‍ 0.4 ശതമാനം കുറഞ്ഞ് 96.7750 എന്ന നിരക്കിലാണ് രൂപയുടെ നില.  Also Read: വലിയ സൂചന നൽകി ആർബിഐ; സ്ഥിര നിക്ഷേപമിടുന്നവർക്ക് ലോട്ടറി, വായ്പ പലിശ കുറയില്ല; അറിയേണ്ടതെല്ലാം

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് 5.5 ശതമാനമായി ഉയർന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും കർശന ധനനയവുമായി മുന്നോട്ട് പോകുമെന്ന സൂചനയും റിസര്‍വ് ബാങ്ക് നൽകിയിട്ടുണ്ട്. രൂപയുടെ തളർച്ച ഓഹരി വിപണിയെയും ബാധിച്ചു; തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിന് ശേഷം മുംബൈ ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

വിപണിക്ക് വിവേകമില്ല: ആർബിഐ ഗവർണർ

തുടർച്ചയായ ഇടപെടലുകളിലൂടെയും നയംമാറ്റങ്ങളിലൂടെയും 140 ബില്യൺ ഡോളറിലധികം വിദേശ ഫണ്ട് രാജ്യത്തേക്ക് എത്തിച്ചിട്ടും രൂപ സമ്മർദ്ദത്തിലാകുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആർബിഐ ഗവർണർ നൽകിയ മറുപടിയാണ് ശ്രദ്ധേയമായി. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്‍റെ പെരുമാറ്റങ്ങൾ പലപ്പോഴും 'യുക്തിരഹിതമാണ്' എന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ വിപണിക്ക് രൂപയുടെ യഥാർത്ഥ മൂല്യം കണ്ടെത്താൻ കഴിയൂ എന്നും, റിയൽ ഇഫക്റ്റീവ് എക്സ്ചേഞ്ച് റേറ്റ് (REER) നോക്കിയാല്‍ രൂപ യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് വിനിമയം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധിക്ക് കാരണം എന്ത്?

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വന്‍തോതില്‍ പണം പിൻവലിക്കുന്നതും, ഉയർന്ന ക്രൂഡ് ഓയിൽ വിലയും, രാജ്യാന്തരതലത്തിൽ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യൻ കറൻസികളിൽ രണ്ടാമതാണ് ഇന്ത്യൻ രൂപ.

ബാഹ്യ സാമ്പത്തിക വെല്ലുവിളികൾ വരും മാസങ്ങളിലും വിപണിയെ സ്വാധീനിക്കുമെന്നും രൂപ ഇനിയും ദുർബലമായി തുടരാൻ സാധ്യതയുണ്ടെന്നും ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാര്‍ച്ചിനകം ആർബിഐ ഇനിയും 25 ബേസിസ് പോയിന്റിന്റെ ഒന്നോ രണ്ടോ പലിശവർധനവുകൾ കൂടി വരുത്തിയേക്കുമെന്നും ട്രേഡിങ് രംഗത്തുള്ളവര്‍ പറയുന്നു. വരുംദിവസങ്ങളിൽ ഡോളറിന്റെ ആധിപത്യം തുടർന്നാൽ രൂപ 97 കടക്കുമോ എന്ന ആശങ്കയിലാണ് വിപണി.

Indian Rupee Nears Record Low Despite RBI Rate Hike; Governor Malhotra Terms Market Moves Irrational:

The Indian rupee declined toward record lows against the US dollar, sinking to an intraday trough of 96.8450 before closing at 96.7750. This slide occurred despite the Reserve Bank of India raising the repo rate by 25 basis points to 5.5%, marking its first policy tightening in nearly four years. Addressing the currency's continued vulnerability, RBI Governor Sanjay Malhotra described short-term financial market dynamics as irrational, noting that real effective exchange rate metrics show the rupee is currently undervalued. Escalating foreign portfolio outflows, elevated crude oil prices, and tightening global monetary conditions have collectively rendered the rupee Asia’s second-worst performing currency this year.