യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ലൈസന്‍സ് ഇല്ലാതെയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് 2025 ഫെബ്രുവരി 16ന് തീര്‍ന്നിരുന്നു. ഇതിന് ശേഷം പുതുക്കിയിട്ടില്ല. അപകടശേഷം കസ്റ്റഡിയിലെടുത്ത അശ്വന്തിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ലൈസന്‍സില്ലെന്ന് തുറന്നുസമ്മതിക്കുകയും ചെയ്തു. Also Read: നിറവും രൂപവും മാറ്റാം; ഏഴുതരം വാഹന മോഡിഫിക്കേഷനുകള്‍ അനുവദിച്ച് സര്‍ക്കാര്‍
ലൈസന്‍സ് ഇല്ലാതെ മദ്യപിച്ച് വാഹനമോടിച്ച അശ്വന്തിനെതിരെ കടുത്ത നടപടി ഉണ്ടാകും. 5 വര്‍ഷത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം വന്‍ തുക പിഴയായും അടക്കേണ്ടി വരും. കഴിഞ്ഞാഴ്ച്ചയാണ് അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.
അതേസമയം, മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. ഇനി ഒരിക്കലും ചെയ്യില്ല. ഇനി ഒരിക്കല്‍ കൂടി മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ പൊലീസിന് കേസെടുക്കാന്‍ അവസരമൊരുക്കില്ലെന്നും അശ്വന്ത് കോക്ക്. കേരള പൊലീസ് മഹത്വരമാണെന്നും കോക്ക് പറഞ്ഞു. ജയിലര്‍ ടു സിനിമയുടെ ട്രെയിലര്‍ റിവ്യൂ വീഡിയോയിലാണ് കോക്കിന്‍റെ തെറ്റ് ഏറ്റുപറച്ചില്‍.
കേരളത്തിലെ റോഡുകളില്‍ ആളുകളുടെ ഡ്രൈവിങ് മോശമെന്ന നേരത്തെയുള്ള കോക്കിന്‍റെ പരാമര്‍ശം അപകടത്തിന് ശേഷം വൈറലായിരുന്നു. യു ട്യൂബിലെ സിനിമ റിവ്യൂവറായ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു സംഭവം. അശ്വന്ത് കോക്ക് ഓടിച്ച ഥാര്‍ ഇടിച്ച് നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കോക്കിന്‍റെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടക്കാവ് സ്റ്റേഷനിലെത്തിച്ചു. വൈദ്യപരിശോധനയില്‍ അശ്വന്ത് കോക്ക് മദ്യപിച്ചതായി സ്ഥിരീകരിച്ചിരുന്നു. അശ്വന്ത് കോക്കിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയാണ് പൊലീസ്. ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന കോക്ക് നിലവില്‍ അവധിയിലാണ്.