മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ മാര്‍ച്ച് ഉടന്‍  .  പ്രതിപക്ഷ  എംപിമാർ ജൻപഥിലെ ഹോട്ടലിൽ എത്തി.  രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. എംപിമാര്‍ക്ക് പോകാനായി രണ്ട് ബസുകള്‍ എത്തിച്ചു. എം.പിമാരുടെ സംഘം ജന്തര്‍മന്തറിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. അതേസമയം മാര്‍ച്ച് തടയാന്‍ ഹോട്ടലിന് പുറത്ത് ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്.  ജന്‍പഥിന് പുറത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. 

 

അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തർ സമരത്തിന് പൊലീസ് അനുമതിയില്ല. സിജെപി ദേശീയ കോ - കൺവീനർ സൗരവ് ദാസിന്റെ നേതൃത്വത്തിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി, പ്രതിഷേധത്തിന് അനുമതി തേടി. അനുമതി ഇല്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളും പ്രതിഷേധത്തിന് എത്തണമെന്ന് സൗരവ്‌ ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇടത് വിദ്യാർഥി സംഘടനകളായ ഐസയും എസ്എഫ്ഐയും AISFഉം സിജെപിക്കൊപ്പം പ്രതിഷേധിക്കും. 

 

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടത്തിൽ ‌ഒപ്പംനിന്ന പലരും സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറിയിട്ടും കരുത്തുചോരാതെയായിരുന്നു ഇന്ത്യാസഖ്യത്തിന്റെ പ്രക്ഷോഭം. ഒരു വർഷത്തിനിടെ രണ്ടാംതവണയാണ് വോട്ടുകൊള്ളയിൽ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം പാർലമെന്റിൽനിന്നു നിരത്തിലേക്കെത്തുന്നത്. പ്രതിപക്ഷത്തെ പിളർത്താനുള്ള വൻ ശ്രമങ്ങൾ ബിജെപി ഒരു വർഷത്തിനിടെ നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്ത്യാസഖ്യത്തിലെ പാർട്ടികളെ വീണ്ടും ഒരുമിപ്പിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരായ സമരമെന്നതിനെക്കാൾ, കേന്ദ്രസർക്കാരിനെതിരായ അണിനിരക്കലായി സമരം. നരേന്ദ്ര മോദി സർക്കാരിനെതിരെ സമാനമനസ്കരായ പാർട്ടിക്കാരെ അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞു.

 

2025 ഓഗസ്റ്റ് 11ന് ആണ് ബിഹാർ എസ്ഐആറും വോട്ടുകൊള്ളയും ഉന്നയിച്ച് ഇന്ത്യാസഖ്യം എംപിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കു സമാന മാർച്ച് നടത്തിയത്. അന്ന് ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ച തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം സുഷ്മിത ദേവ് പിന്നീട് ബിജെപിയിലേക്കു ചേക്കേറി. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്നു രാഹുൽ ഗാന്ധി അന്നു താങ്ങിപ്പിടിച്ചുകൊണ്ടുപോയ മിതാലി ബാഗും ഒപ്പമുണ്ടായിരുന്ന സയോനി ഘോഷും തൃണമൂലിലെ വിമതഗ്രൂപ്പിലൂടെ എൻഡിഎയിലെത്തി.

ENGLISH SUMMARY:

India Alliance protest at Jantar Mantar demands the resignation of Chief Election Commissioner Gyanesh Kumar. This march, organized by opposition leaders, highlights concerns over election commission's impartiality and aims to unite parties against the central government. Leaders like Rahul Gandhi and Priyanka Gandhi are participating, emphasizing a united front against alleged electoral malpractices.