vehicle-modification-32
  • എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്‍റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) രേഖപ്പെടുത്തുകയും വേണം

വാഹങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെ മാറ്റാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്‍ജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ക്കാണ് അനുമതി. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും അയച്ചു.

എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്‍റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) രേഖപ്പെടുത്തുകയും വേണം. ഇതനുസരിച്ച് വരുത്താവുന്ന മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:

1. നിറം മാറ്റൽ (Change of Colour): റജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതിയോടെ, ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാൻ പാടുള്ളൂ. പുതിയ നിറം സി.എം.വി.ആർ. ചട്ടം 121 പ്രകാരമോ കാലാകാലങ്ങളിൽ നിലവിലുള്ള എസ്.ടി.എ. തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല.

kerala-allows-modification

2. എൻജിൻ മാറ്റൽ (Replacement of Engine): വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എന്‍ജിന്‍ മാത്രമേ മാറ്റിവയ്ക്കാവൂ. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കുകയും വേണം. ഇത് ആർ.സിയിൽ രേഖപ്പെടുത്തുയും വേണം. മറ്റേതെങ്കിലും വാഹനത്തിന്‍റെ എൻജിൻ മാറ്റിവയ്ക്കുന്നത് (Engine swapping) അനുവദിക്കില്ല.

3. ഷാസി ഫ്രെയിം മാറ്റിസ്ഥാപിക്കൽ (Replacement of Chassis Frame): നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആർ.സിയിൽ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാൻ പാടില്ല.

4. ബോഡി ഘടനയിൽ മാറ്റം വരുത്തൽ (Modification of Body Structure): സി.എം.വി.ആർ. ചട്ടം 112 കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താവൂ. ഇതും ആർ.സിയിൽ ചേര്‍ക്കണം.

5. അംഗീകൃത റിട്രോഫിറ്റ്‌മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റൽ (Change of Fuel using Approved Retro fitment Kit): ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്‌ഷോപ്പ്, സംസ്ഥാന സർക്കാർ അംഗീകരിച്ച സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ ഇന്ധനം മാറ്റല്‍ ചെയ്യാവൂ. അതും അംഗീകൃത റിട്രോഫിറ്റ്‌മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആർ.സിയിൽ ഉള്‍പ്പെടുത്തണം.

6. പ്രൊപ്പൽഷൻ സിസ്റ്റം മാറ്റൽ (Conversion of Propulsion System): അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് മാത്രമേ പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. വര്‍ക്ക് പൂര്‍ത്തിയായശേഷം ആർ.സിയിൽ രേഖപ്പെടുത്തുകയും വേണം.

7. ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റൽ (Conversion into Adapted Vehicle): ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന നിർമ്മാതാവിന്റെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്‌ഷോപ്പ് അല്ലെങ്കിൽ സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ. ഇതിനും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ ബാധകമായിരിക്കും. 

റജിസ്റ്ററിംഗ് അതോറിറ്റികൾ നിർമ്മാതാവിന്റെ സ്പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവൽ/പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളിൽ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്.

ഈ ഏഴുമാറ്റങ്ങള്‍ക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഗതാഗത കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

ENGLISH SUMMARY:

The Kerala government has issued an order permitting seven specific types of vehicle modifications, including changes to colour, engine, chassis frame, body structure, fuel type, propulsion system and conversion into disability-friendly vehicles. All modifications require approval from the Transport Department and must comply with the provisions of the Motor Vehicles Act, 1988 and applicable rules. Approved changes must also be recorded in the vehicle’s Registration Certificate (RC), with several modifications requiring authorised kits, manufacturers, dealers or government-approved workshops.