AI Generated Image

AI Generated Image

  • റീപ്പോ നിരക്ക് ഉയർന്നതോടെ ഭവന വായ്പാ പലിശ നിരക്കുകൾ വർധിക്കുകയും പ്രതിമാസ ഇഎംഐ തുകയോ തിരിച്ചടവ് കാലാവധിയോ വലിയ തോതിൽ ഉയരുകയും ചെയ്യും.

റിസർവ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ച ​ഗവർണർ സഞ്ജയ് മൽഹോത്രയുടെ പറഞ്ഞത് സമീപഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്നാണ്. ഭാവി വിലയിരുത്തലുകൾക്കുമനുസരിച്ച് പലിശ വർധിക്കുകയോ നിരക്കിൽ തുടരുകയോ ചെയ്യും. ഇങ്ങനെയെങ്കിൽ സ്ഥിര നിക്ഷേപമിടുന്നവർക്ക് ലോട്ടറിയാണ്. ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കൂട്ടുന്നതോടെ നിക്ഷേപങ്ങൾക്ക് മികച്ച ആദായം കിട്ടും. അതേസമയം, പലിശ സമീപഭാവിയിൽ കുറയില്ലെന്ന സൂചന ബാങ്ക് വായ്പ എടുത്തവരെ ആശങ്കപ്പെടുത്തുന്നതാണ്. 

വായ്പ എടുത്തവർ എന്തു ചെയ്യണം

ബാങ്കുകളുടെ ഭൂരിഭാഗം ഭവന വായ്പകളും റീപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളവയാണ് (External Benchmark Lending Rate). അതിനാൽ ആർബിഐ നിരക്ക് വർധിപ്പിച്ചാൽ അതിന്റെ ആഘാതം ദിവസങ്ങൾക്കകം വായ്പാ പലിശയിൽ പ്രതിഫലിക്കും. 7.5 ശതമാനം പലിശയ്ക്ക് 25 വർഷത്തേക്ക് എടുത്ത 50 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് ഇപ്പോള്‍ ഏതാണ്ട് 36,950 രൂപയാണ് പ്രതിമാസ ഇഎംഐ. റീപ്പോ നിരക്ക് 0.25% വർധിക്കുമ്പോള്‍ പ്രതിമാസ അടവ് 817 രൂപയോളം കൂടും. ലോൺ കാലാവധി പൂർത്തിയാകുമ്പോൾ പലിശ ഇനത്തിൽ മാത്രം ഏകദേശം 2.45 ലക്ഷം രൂപ അധികമായി നൽകേണ്ടി വരും.

പലിശ കൂടുമ്പോൾ ബാങ്കുകൾ പലപ്പോഴും ഇഎംഐ തുക കൂട്ടുന്നതിന് പകരം തിരിച്ചടവ് കാലാവധി നീട്ടുകയാണ് ചെയ്യുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വായ്പക്കാരന് വലിയ പലിശ ബാധ്യതയുണ്ടാക്കും.തിരിച്ചടവ് കാലാവധി അനിയന്ത്രിതമായി നീണ്ടുപോകാതിരിക്കാൻ ഇഎംഐ തുക സ്വമേധയാ ചെറുതായി ഉയർത്തുകയോ, വർഷത്തിലൊരിക്കൽ നിശ്ചിത തുക മുൻകൂറായി അടയ്ക്കുകയോ ചെയ്യാം. നിങ്ങളുടെ ബാങ്ക് വരുത്തിയ മാറ്റം ഇഎംഐയിലാണോ അതോ കാലാവധിയിലാണോ എന്ന് ശാഖയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുക.

സ്ഥിര നിക്ഷേപമിടുന്നവർക്ക് ലാഭം

റിപ്പോനിരക്ക് ഉയർത്തുന്നതോടെ ബാങ്കുകൾക്ക് ആർബിഐയിൽ നിന്നും ലഭിക്കുന്ന ഹ്രസ്വകാല വായ്പകൾക്ക് ചെലവേറും. ഈ സാഹചര്യത്തിൽ ബാങ്കുകൾക്ക് സ്ഥിര നിക്ഷേപം വഴി പണം സ്വരൂപിക്കുന്നതായും ചെലവുകുറഞ്ഞമാർ​ഗം. ഇതോടെ വരും മാസങ്ങളിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയരും. പൊതുമേഖലാ ബാങ്കുകൾ നിലവിൽ 6.30 ശതമാനം മുതൽ 6.65 ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നുണ്ട്. സ്വകാര്യബാങ്കുകളിൽ ഇതിനേക്കാൾ പലിശ ലഭിക്കും. 

പലിശ നിരക്ക് കൂടുന്നത് നിക്ഷേപകർക്ക് അനുകൂലമായ വാർത്തയാണെങ്കിലും, നിലവിലെ എഫ്ഡികൾക്ക് ഉടനടി അതിന്റെ പ്രയോജനം ലഭിക്കില്ല. കാലാവധി തികയുന്നത് വരെ നിലവിലെ എഫ്ഡികൾക്ക് തുടക്കത്തിൽ നിശ്ചയിച്ച അതേ പലിശ നിരക്ക് തന്നെയായിരിക്കും ലഭിക്കുക. നിരക്ക് വർധനവിന് ശേഷം തുടങ്ങുന്ന പുതിയ നിക്ഷേപങ്ങൾക്കും, കാലാവധി പൂർത്തിയായി പുതുക്കുന്ന എഫ്ഡികൾക്കും മാത്രമേ ഉയർന്ന പലിശ ലഭിക്കൂ. ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ പുതിയ നിക്ഷേപത്തിന് 0.25% നിരക്ക് വർധനവ് വഴി പ്രതിവർഷം ഏകദേശം 2,500 രൂപയുടെ അധിക പലിശ വരുമാനം ലഭിക്കും.

ഭാവിയിലും പലിശ നിരക്ക് കൂടിയേക്കാമെന്ന സൂചന ഉള്ളതിനാൽ, കൈവശമുള്ള മുഴുവൻ തുകയും ഒരൊറ്റ എഫ്ഡിയിൽ ദീർഘകാലത്തേക്ക് ലോക്ക് ചെയ്യുന്നത് നഷ്ടമുണ്ടാക്കാം. ഇതിന് പരിഹാരമാണ് 'ലാഡറിങ്'. നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക ഒന്നിച്ച് ഇടുന്നതിന് പകരം തുല്യ ഭാഗങ്ങളാക്കി മാറ്റാം. വ്യത്യസ്ത കാലാവധികളിൽ ഈ തുക നിക്ഷേപിക്കുക. ഓരോ നിക്ഷേപവും കാലാവധി പൂർത്തിയാകുമ്പോൾ, അപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കിൽ വീണ്ടും നിക്ഷേപിക്കാൻ ഇത് വഴി സാധിക്കും.

ENGLISH SUMMARY:

RBI Governor Sanjay Malhotra indicated that interest rate cuts are completely off the table in the near future, hinting that rates may either rise further or remain elevated. This hawkish stance directly impacts home loan borrowers, as rate hikes will instantly reflect in higher monthly EMIs or extended loan tenures. Conversely, fixed deposit investors stand to gain as banks will gradually increase deposit rates for new FD investments and renewals. Financial experts advise borrowers to manually top up EMIs to curb long-term interest burdens, while urging investors to utilize the 'FD laddering' strategy to maximize returns.