അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തി റിസർവ് ബാങ്കിന്റെ പണനയം. റിപ്പോ നിരക്കിൽ 25 അടിസ്ഥാന നിരക്കിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്നും 5.50 ശതമാനത്തിലേക്ക് ഉയർന്നു. 2023 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണനയ അവലോകന യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയം പ്രഖ്യാപിച്ചത്.
2023 ൽ കാൽശതമാനം നിരക്കു വർധിപ്പിച്ച ആർബിഐ പലിശ നിരക്ക് 6.50 ശതമാനമാക്കി ഉയർത്തിയിരുന്നു. അതിനുശേഷം 2023-24 കാലയളവിലുടനീളം നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2025-ൽ പലിശ നിരക്ക് കുറച്ചതോടെ 5.25 ശതമാനത്തിലായിരുന്നു റിപ്പോ നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതും യുഎസ് ഫെഡറൽ റിസർവ് അടക്കം പലിശ നിരക്ക് ഉയർത്തുകയും ചെയ്തതോടെയാണ് ആർബിഐയുടെ നടപടി.
നിലവിലുള്ള സാഹചര്യത്തിൽ സമീപഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. സാമ്പത്തിക സാഹചര്യങ്ങൾക്കും ഭാവി വിലയിരുത്തലുകൾക്കുമനുസരിച്ച് ഇനി വരാവുന്ന നയപരമായ നടപടികൾ പലിശ നിരക്ക് വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള നിരക്കിൽ തുടരുകയോ മാത്രമായിരിക്കുമെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. പലിശ നിരക്ക് വർധിച്ചതോടെ വായ്പ പലിശ നിരക്കുകൾ ഉയരും. ഭവന, വാഹന, വ്യക്തിഗത വായ്പ ചെലവുകൾ ഉയരും. ഫ്ലോട്ടിങ് നിരക്കു പ്രകാരം വായ്പയെടുത്തവർക്ക് ഒരു മാസത്തിനുള്ളിൽ പലിശ നിരക്കുകൾ കൂടും. അതേസമയം, സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കൂടും.