അരവിന്ദ് സ്വാമി – ശ്രീദേവി കൂട്ടുകെട്ടില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന എന്‍ മോഹനന്റെ നടക്കാതെ പോയ സ്വപ്ന ചിത്രം, അന്ന 30 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലെത്തിക്കാന്‍ ടോമിച്ചന്‍ മുളകുപാടം. ചിത്രത്തിന്റെ അവകാശം എന്‍ മോഹനന്റെ കുടുംബത്തില്‍ നിന്ന് ടോമിച്ചന്‍ സ്വന്തമാക്കി. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്റെ പത്താം വാര്‍ഷിക ദിനമായ ഇന്ന് തന്നെ ‘അന്ന’ പ്രഖ്യാപിക്കും. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ബ്രാഹ്മിണ്‍ യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയകഥയായ അന്ന കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളോടെയാകും ചിത്രം അവതരിപ്പിക്കുകയെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം മനോരമ ന്യൂസിനോട് പറഞ്ഞു.
അരവിന്ദ് സ്വാമിയുടേയും ശ്രീദേവിയുടേയും ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലും മറ്റു പല സാങ്കേതിക കാരണങ്ങളാലും 30 വര്‍ഷം മുന്‍പ് മുടങ്ങി പോയ ചിത്രം ബെത്‍ലഹേം കുടുംബ യൂണിറ്റ് ഇറങ്ങിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്. പിന്നാലെ തിരക്കഥ മോഷണം പോയെന്നും നഷ്ടപ്പെട്ട് പോയെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് കുടുംബത്തെ സമീപിച്ച ടോമിച്ചന്‍ മുളകുപാടം തിരക്കഥയുടെ അവകാശം സ്വന്തമാക്കുകയായിരുന്നു.
ഒരിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച അന്നയെ ജോഷിയെ കൊണ്ട് തന്നെ സ്ക്രീനിലെത്തിക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. അരവിന്ദ് സ്വാമിക്കും ശ്രീദേവിക്കും പകരമുള്ള താരങ്ങളേയും ഉടന്‍ അറിയാം .