യുപിഐ ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചനയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. യു.പി.ഐ സേവനത്തിനായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടെന്നും ഇത് എല്ലാ കാലവും തുടരാനാകില്ലെന്നുമാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടിലെ പ്രധാനിയായ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ്) ഈടാക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ബിഐ ഗവര്‍ണറുടെ മുന്നറിയിപ്പ്.
നിലവിൽ യു.പി.ഐ സൗജന്യമായി നിലനിർത്താൻ സർക്കാർ ബാങ്കുകൾക്കും മറ്റ് ഫിൻടെക് ഇക്കോസിസ്റ്റത്തിന് സബ്‌സിഡി നൽകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. 'ഇപ്പോൾ, നിരക്കുകളൊന്നുമില്ല. ബാങ്കുകളും മറ്റുള്ളവര്‍ക്കും സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ചില ചെലവുകൾ വഹിക്കേണ്ടതുണ്ട്. സേവനം യഥാർത്ഥത്തിൽ സുസ്ഥിരമാകണമെങ്കിൽ ആരെങ്കിലും അതിന് പണം നൽകേണ്ടിവരും' എന്നാണ് സജ്‍ഞീവ് മല്‍ഹോത്ര പറഞ്ഞത്.
യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായ സാഹചര്യത്തിലാണ് മൽഹോത്രയുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണിൽ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു. ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡിജിറ്റൽ പേയ്‌മെൻറ് സേവനങ്ങൾ നൽകുന്നതിന് ബാങ്കുകള്‍ക്കോ പേയ്‌മെൻ്റ് ഗേറ്റ്‌വേയ്ക്കോ കമ്പനികൾ നൽകുന്ന തുകയാണ് എംഡിആർ.
നേരത്തെ 2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. യുപിഐ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സർക്കാർ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ട്. ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുക എന്നാണ് പുറത്തുവന്ന വിവരം. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാന രഹിതവുമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിരുന്നു.