സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കില്‍ ബാങ്കുകള്‍ ഈടാക്കുന്ന പിഴ ഒഴിവാക്കണമെന്ന് പാർലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശുപാർശ. മിനിമം ബാലൻസ് നിലനിർത്താത്തതിന് 2024-25 ൽ പൊതുമേഖലാ– സ്വകാര്യ മേഖലാ ബാങ്കുകൾ പിഴയായി പിരിച്ചെടുത്തത് 4,817.96 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെയാകട്ടെ മിനിമം ബാലന്‍സിന്റെ പേരില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ പിരിച്ചെടുത്തത് 8,000 കോടി രൂപയും. ഈ സാഹചര്യത്തിലാണ് എല്ലാ ബാങ്കുകളും അത്തരം പിഴകൾ പിരിക്കുന്നത് നിർത്തണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
സഹകരണ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും (ആർആർബി) ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകള്‍ക്കുമായി ഇതിനായി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നിര്‍മിക്കണമെന്ന് ആർബിഐയോടും ധനകാര്യ വകുപ്പിനോടും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നതിനുപകരം, സ്ഥിരമായ നിക്ഷേപം നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ, ഫീസ് ഇളവുകൾ, പലിശ നിരക്കില്‍ ആനുകൂല്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകി ബാങ്കുകൾ അക്കൗണ്ട് ബാലൻസ് നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാമെന്നും പെറ്റീഷൻസ് കമ്മിറ്റി പറഞ്ഞു.
മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴ ആനുപാതികമല്ലാത്തത്ര ഉയർന്നതാണെന്നും ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അനാവശ്യമായ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരുവിൽ 'ബാംബൂപെക്കർ' എന്ന കമ്പനി നടത്തുന്ന പരമേശ്വരൻ കൃഷ്ണയ്യർ സമർപ്പിച്ച പരാതിയെ തുടർന്നാണ് ശുപാർശ. തിരുവനന്തപുരം വലിയശാല സ്വദേശിയാണ് പരമേശ്വരൻ കൃഷ്ണയ്യർ. 2024 ഓഗസ്റ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പരാതി നല്‍കുന്നത്. സ്വന്തം കമ്പനിയിലെ ജീവനക്കാരുടെ ബുദ്ധിമുട്ടുകളാണ് പരാതി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തുന്ന ഒരു ഉപഭോക്താവിന് സേവിങ്സ് ബാങ്ക് പലിശ നിരക്ക് മാത്രമേ ലഭിക്കൂ. എന്നാൽ, മിനിമം ബാലൻസ് ഇല്ലെങ്കില്‍ ലഭിക്കുന്ന പിഴ പലപ്പോളും പലിശയായി ലഭിക്കുന്ന തുകയുടെ 15 മുതൽ 20 ഇരട്ടി വരെയാണ്. ലഭിക്കുന്ന പലിശയും ചുമത്തുന്ന പിഴയും തമ്മിലുള്ള ഈ ഗണ്യമായ വ്യത്യാസം അന്യായമാണെന്നും ഉപഭോക്താവിന് സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്.
ബിഹാറിലെ ഒരു വനിതാ തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് എംജിഎൻആർഇജിഎ വേതനമായി നിക്ഷേപിച്ച 500 രൂപയിൽ 440 രൂപ ബാങ്ക് പിഴയായി ഈടാക്കിയതായി പരാതി പരിശോധിച്ച കമ്മിറ്റി വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചപ്പിച്ചിട്ടുണ്ട്. കൂടാതെ മിനിമം ബാലൻസ് നിലനിർത്താത്തതിന്‍റെ പേരിൽ ഒരു പിതാവ് തന്‍റെ മകന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ച 5,000 രൂപയിൽ 2,500 രൂപ മറ്റൊരു ബാങ്ക് പിഴ ഈടാക്കിയ സംഭവവും റിപ്പോര്‍ട്ടിലുണ്ട്. മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കാൻ നേരത്തേ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. പ്രവര്‍ത്തന ചെലവ് കണ്ടെത്താനുള്ള മാര്‍ഗമാണ് പിഴയെന്നായിരുന്നു ബാങ്കുകളുടെ വാദം.
അതേസമയം, പാർലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ധനമന്ത്രാലയം ജൂണില്‍ കത്തയച്ചതിന് പിന്നാലെ എല്ലാ പൊതുമേഖലാ ബാങ്കുകളും മിനിമം ബാലൻസ് ചാർജുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വകാര്യമേഖല ബാങ്കുകൾ ഇപ്പോഴും ഈ പിഴ ഈടാക്കുന്നത് തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ സ്വകാര്യ– പൊതുമേഖല ബാങ്കുകളും സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കുന്നതിനുള്ള ഏകീകൃത നയം സ്വീകരിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്യുന്നത്.
2020 മാർച്ച് മുതൽ എല്ലാത്തരം സേവിങ്സ് അക്കൗണ്ടുകളിലുമുള്ള പിഴ ഈടാക്കൽ എസ്‌ബിഐ അവസാനിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഏഴ് പൊതുമേഖലാ ബാങ്കുകളും മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ പിന്‍വലിച്ചിരുന്നു. യുകോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവയും ഇക്കാര്യം പരിഗണനയിലാണെന്ന് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.