ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ പണപ്പെരുപ്പനിരക്ക് വര്‍ധിക്കുമെന്ന് റിസര്‍ബ് ബാങ്ക്. 2026–27 സാമ്പത്തിക വർഷം പണപ്പെരുപ്പം 5.1 ശതമാനമായി ഉയരുമെന്നാണ് ആർബിഐയുടെ പുതിയ വിലയിരുത്തൽ. 4.6 ശതമാനമായിരുന്നു ഇതുവരെയുള്ള പ്രവചനം.
പെട്രോൾ, ഡീസൽ നിരക്കുകളിലുണ്ടായ വർധന ഉത്പാദന-വിതരണ മേഖലകളിൽ ചെലവ് കൂട്ടിയതാണ് പണപ്പെരുപ്പം ഉയരാൻ കാരണമെന്ന് ജൂൺ മാസത്തെ വായ്പാനയ അവലോകനത്തില്‍ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. മേയില്‍ പെട്രോളിന് 7.4 ശതമാനവും ഡീസലിന് 8.4 ശതമാനവും വില വർധിച്ചു. ഇത് വരും മാസങ്ങളിൽ ഉപഭോക്തൃ വിലസൂചികയെ സ്വാധീനിക്കുമെന്നും ആർബിഐ വ്യക്തമാക്കി.
പെട്രോളിനും ഡീസലിനും പുറമെ വാണിജ്യ എൽപിജി, വ്യാവസായിക അസംസ്‌കൃത വസ്തുക്കൾ, രാസവസ്തുക്കൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയുടെയും വില ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ കടുത്ത സമ്മർദ്ദമുണ്ടാക്കും. ഏപ്രിൽ-മെയ് മാസങ്ങളിൽ അസംസ്കൃത എണ്ണവില ബാരലിന് ശരാശരി 110 ഡോളർ എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ വായ്പാനയ പ്രഖ്യാപന സമയത്ത് കണക്കാക്കിയതിനേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.
ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കമ്മോഡിറ്റി വിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ, എൽ നിനോ (El Nino) പ്രതിഭാസം മൂലമുള്ള കാലവർഷക്കെടുതികൾ എന്നിവ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാൻ കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങളാണ്.
അതേസമയം, രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരമുള്ളതും ജലാശയങ്ങളിലെ ജലനിരപ്പ് തൃപ്തികരമായി തുടരുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ടെന്ന് ആര്‍ബിഐ പറയുന്നു. എന്നാല്‍ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ നിലയിലാകില്ലെന്ന പ്രവചനങ്ങൾ ഭക്ഷ്യവിപണിയിൽ ആശങ്ക നിലനിർത്തുന്നു. നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും, വിപണിയിലെ കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കാനാണ് ധനനയ സമിതിയുടെ തീരുമാനം.