sanjay-malhotra

അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം. റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും. ഡിസംബറിലെ യോഗത്തില്‍ കാല്‍ ശതമാനത്തിന്‍റെ കുറവ് വരുത്തിയതിന് ശേഷമാണ് ആര്‍ബിഐ പണനയം മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം റിപ്പോ നിരക്കില്‍ 1.25 ശതമാനം കുറവ് വരുത്തിയിരുന്നു. 

 

പണനയത്തോടുള്ള ആര്‍ബിഐ സമീപനം ന്യൂട്രൽ ആയി തുടരും. സമീപകാലത്ത് ആഭ്യന്തര പണപ്പെരുപ്പവും വളര്‍ച്ചയും അനുകൂലമാണെന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പണപ്പെരുപ്പം ലക്ഷ്യമിട്ട പരിധിയേക്കാള്‍ താഴെയായിരുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 

 

2027 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ രണ്ടു പാദങ്ങള്‍ നാലു ശതമാനം, 4.2 ശതമാനം എന്നിങ്ങനെയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം. മുന്‍പ്രവചനത്തേക്കാള്‍ നേരിയ വര്‍ധനവാണിത്. ജിഡിപി വളര്‍ച്ച 6.9 ശതമാനം, ഏഴു ശതമാനം എന്നിങ്ങനെയാക്കി ഉയര്‍ത്തി. സ്വര്‍ണം, വെള്ളി വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പ പ്രവചനം ഉയര്‍ന്നിക്കാന്‍ കാരണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പത്തില്‍ 60-70 അടിസ്ഥാന നിരക്ക് വര്‍ധനവിന് കാരണം ഈ ലോഹങ്ങളാണ്. എന്നാല്‍ അടിസ്ഥാനപരമായ വിലക്കയറ്റം കുറഞ്ഞ നിലയിലാണെന്നും അദ്ദേഹം വിശദമാക്കി. 

 

പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാലാണ് ആര്‍ബിഐ പലിശ നിരക്കില്‍ ബ്രേക്കെടുത്തത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും ബോണ്ട് യീല്‍ഡ് ഉയരുന്നതും 10 വര്‍ഷ ബോണ്ട് യീല്‍ഡ് 6.651 ശതമാനത്തിലെത്തി. ബോണ്ട് യീല്‍‍ഡ് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പലിശ കുറയ്ക്കുന്നതും ആര്‍ബിഐ പരിഗണിച്ചു. 

 

പണനയ യോഗത്തിന് പിന്നാലെ ഓഹരി വിപണി ഇടിവിലാണ്. സെന്‍സെക്സ് 300 ലേറെ പോയിന്‍റും നിഫ്റ്റി 135.80 പോയിന്‍റും ഇടിഞ്ഞു. നിഫ്റ്റി 25508 ലും സെന്‍സെക്സ് 82,984 ലുമാണ് വ്യാപാരം.

 

ഭവന വായ്പ നിരക്ക് കുറയില്ല

 

റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ ഇത്തവണ റിപ്പോ അടിസ്ഥാനമാക്കിയുള്ള  വായ്പ നിരക്കുകളില്‍ കുറവുണ്ടാകില്ല. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പ പലിശ നിരക്കാണ് റിപ്പോ. കഴിഞ്ഞ വര്‍ഷം1.25 ശതമാനത്തിന്‍റെ കുറവാണ് ആർബിഐ റിപ്പോ നിരക്കില്‍ വരുത്തിയത്. ഇതോടെ ഭവന വായ്പ നിരക്കുകള്‍ കുറഞ്ഞിരുന്നു.

 

2019 ഒക്ടോബര്‍ ഒന്നുമുതല്‍ അനുവദിക്കുന്ന ഫ്ളോട്ടിങ് റേറ്റ് വായ്പകളില്‍ ഭൂരിഭാഗവും റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയവയാണ്. അതിനാല്‍ റിപ്പോനിരക്ക് കുറയുന്ന ഘട്ടത്തില്‍ പലിശ നിരക്കുകള്‍ കുറയും. പ്രതിമാസ ഇഎംഐ ചുരുങ്ങുന്നതോടെ പലിശ ഭാരം കുറയ്ക്കാനാകും. റിപ്പോ കുറയാത്ത പക്ഷം വായ്പ നിരക്കിലും മാറ്റമുണ്ടാകില്ല. 

 

 

 

ENGLISH SUMMARY:

RBI monetary policy review kept interest rates unchanged, with the repo rate remaining at 5.25%. This decision follows a previous reduction and signals a neutral stance on monetary policy, acknowledging favorable domestic inflation and growth.