ജൂണിലെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആര്‍ബിഐ അടിസ്ഥാന നിരക്ക് അര ശതമാനം കുറച്ചത് അപ്രതീക്ഷിതമായിരുന്നു. ഈ വര്‍ഷം മൂന്ന് യോഗങ്ങളിലായി ഒരു ശതമാനം കുറച്ചതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലേക്ക് എത്തി. ഇത് വായ്പയെടുത്തവരെ പ്രത്യേകിച്ച് ഭവന വായ്പക്കാര്‍ക്ക് ആശ്വാസമാണ്. റിപ്പോ നിരക്കുമായി ലിങ്ക് ചെയ്ത വായ്പകള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.
റിപ്പോ നിരക്കില്‍ വരുത്തിയ അരശതമാനം ഇളവ് പൂര്‍ണമായും ഇടപാടുകാര്‍ക്ക് കൈമാറിയല്‍, എട്ടു ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് 50 ലക്ഷത്തിന്‍റെ ഭവന വായ്പയെടുത്തൊരാള്‍ക്ക് മാസം 1,500 രൂപ ലാഭിക്കാന്‍ സാധിക്കും. ഈ വര്‍ഷത്തെ റിപ്പോ നിരക്ക് ഇളവ് പൂര്‍ണമായും ഇടപാടുകാരിലേക്ക് എത്തിയാല്‍ ഇതേ സാഹചര്യത്തില്‍ 3,000 രൂപ ലാഭിക്കാനാകും.
ഉദാഹരണമായി 20 വര്‍ഷത്തേക്കുള്ള 50 ലക്ഷത്തിന്‍റെ വായ്പയ്ക്ക് 8.50 ശതമാനം പലിശ നിരക്കില്‍ പ്രതിമാസം ഇഎംഐ 43391 രൂപയായിരിക്കും. പലിശ 7.50 ശതമാനമായി കുറഞ്ഞാല്‍ 40,279 രൂപയായി ഇഎംഐ കുറയും. അതായത് മാസം 3,111 രൂപയുടെ ലാഭം. ഇനി പലിശ കുറഞ്ഞാലും ഇഎംഐ തുക മാറ്റമില്ലാതെ അടച്ചാല്‍ 36 മാസം നേരത്തെ വായ്പ അവസാനിപ്പിക്കാം.
Also Read: ചൈന വിറച്ചു; സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞു? വരുന്നത് നല്ലകാലമോ
2019 ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിച്ച റീട്ടെയില്‍ വായ്പകളില്‍ ഭൂരിഭാഗവും ലിങ്ക് ചെയ്തിരിക്കുന്നത് റിപ്പോ നിരക്കുമായാണ്. അതിനാല്‍ തന്നെ റിപ്പോ നിരക്ക് കുറയുന്നത് ബാങ്ക് വായ്പകളെ നേരിട്ട് തന്നെ സ്വാധീനിക്കും. റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്കുകള്‍ പൂര്‍ണതോതില്‍ വായ്പ പലിശ നിരക്ക് കുറയ്ക്കില്ല. ബാങ്കിന്‍റെ മാർജിനായ സ്പ്രെഡ്, വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്കോർ അനുസരിച്ചുള്ള ക്രെഡിറ്റ് റിസ്ക് പ്രീമിയം എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ വായ്പയ്ക്കും പലിശ നിരക്ക് നിശ്ചയിക്കുന്നത്.
റിസര്‍വ് ബാങ്ക് തീരുമാനത്തിന് പിന്നാലെ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ വായ്പ പലിശനിരക്ക് കുറച്ചിട്ടുണ്ട്.