ipo-boom-in-stock-market

വാണിജ്യ ബാങ്കുകൾക്കു നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് അഞ്ചര ശതമാനത്തില്‍ തുടരും. 2025-ന്റെ ആദ്യ പകുതിയിൽ റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഒാഗസ്റ്റില്‍ ചേര്‍ന്ന പണസമിതി യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല. രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെച്ചു. ഒാഹരി സൂചികകളും നേട്ടം രേഖപ്പെടുത്തി. പലിശനിരക്കില്‍ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയുടെ 10 വർഷത്തെ കടപ്പത്ര ആദായം രണ്ട് അടിസ്ഥാന നിരക്കുയര്‍ന്ന് ഉയര്‍ന്ന് 6.603 ശതമാനത്തിലെത്തി. 

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയും നേട്ടമുണ്ടാക്കി. സെന്‍സെക്സ് 715 പോയിന്റും, നിഫ്റ്റി 225 പോയിന്റും ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ്മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യൻ വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതും രൂപ തിരിച്ചുകയറിയതും വിപണിക്ക് നേട്ടമായി. ഡോളറിനെതിരെ ഒൻപത് പൈസയുടെ നേട്ടത്തോടെ 88.69എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സ്വർണ വിലയിൽ ബുധനാഴ്ച രണ്ടു തവണ വര്‍ധനവുണ്ടായി. സ്വർണത്തിന്റെ വില 1320 രൂപയാണ് കൂടിയത്. 87,440 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 165 രൂപ കൂടി 10930 ആയി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞ പണിക്കൂലിയും നികുതിയും ഉൾപ്പടെ 95,000 രൂപ കൊടുക്കേണ്ടി വരും. അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളെ തുടർന്ന് ആശങ്കയിലായ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വില കുതിച്ചുയരാൻ കാരണം. രാജ്യാന്തര തലത്തിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 3,892 ഡോളറായി വില ഉയർന്നു.

ENGLISH SUMMARY:

Repo Rate remains unchanged by the Reserve Bank of India. The repo rate will continue at 5.5 percent.