ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡില്‍ സ്വര്‍ണ വില ഉയരുന്നത് സാധാരണയായിരുന്നു. ഇസ്രയേല്‍–ഗാസ സംഘര്‍ഷത്തിലും ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തിലും കഴിഞ്ഞ വര്‍ഷം സ്വര്‍ണ വില മുന്നേറിയിരുന്നു. ഇറാനെതിരെ യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ആക്രമണം ആരംഭിച്ചതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ മുന്നേറ്റമില്ല. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുതലേന്ന് 5244 ഡോളറിലായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ഒരാഴ്ച്യ്ക്ക് ഇപ്പുറം വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 5,172 ഡോളറിലും.
കേരളത്തിലെ സ്വര്‍ണ വിലയ്ക്കും ഇതേ ട്രെന്‍ഡാണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 ന് 1,23,720 രൂപയിലാണ് സ്വര്‍ണ വില അവസാനിച്ചത്. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയിലേക്ക് കുതിച്ച ശേഷം സ്വര്‍ണ വില താഴേക്കാണ്. ആറു ദിവസത്തിനിടെ 8,760 രൂപ കുറഞ്ഞ് 1,18,160 രൂപയിലേക്ക് സ്വര്‍ണ എത്തിയിരുന്നു. എന്നാല്‍ ഇന്ന് 1,840 രൂപ കൂടി 1.20 ലക്ഷം രൂപയിലെത്തി. ഈ ചാഞ്ചാട്ടത്തിന് പിന്നില്‍ യു.എസ് ഡോളറിന്‍റെ മുന്നേറ്റമാണ്.
യു.എസ് ഡോളര്‍ കുതിക്കുന്നു
സ്വര്‍ണ വിലയെ താഴേക്ക് എത്തിക്കാന്‍ കാരണം യു.എസ് ഡോളറിന്‍റെ മുന്നേറ്റാമണ്. മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ കരുത്തളക്കുന്ന ഡോളര്‍ സൂചിക 100 നിലവാരത്തിലേക്ക് എത്തുകയാണ്. വെള്ളിയാഴ്ച 99.30 നിലവാരത്തിലാണ് ഡോളര്‍ മുന്നേറിയത്. യുദ്ധ സമയത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപം ഡോളറിലേക്ക് മാറിയതോടെയാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. എണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും അതുവഴി പലിശ നിരക്ക് ഉയരാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഡോളറില്‍ നിക്ഷേപം ഉയരുന്നത്. സ്വര്‍ണം ഡോളറില്‍ വ്യാപാരം നടക്കുന്നതിനാല്‍ ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറുന്നതാകും. ഇതാണ് വില ഇടിയാന്‍ കാരണം.
വെള്ളിയാഴ്ച മുന്നേറി സ്വര്‍ണം
വെള്ളിയാഴ്ച രാജ്യാന്തര സ്വര്‍ണ വില 104 ഡോളര്‍ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് വിപണിയില്‍ തൊഴിലില്ലായ്മ കണക്ക് പുറത്തുവന്നതിന് ശേഷമാണ് വില കുതിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തൊഴില്‍കണക്കാണ് സ്വര്‍ണത്തെ ഗതിമാറ്റിയത്. തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനത്തിലേക്ക് എത്തി. ദുർബലമായ തൊഴിൽ കണക്ക് ഫെഡറൽ റിസർവിന് പലിശനിരക്ക് കുറയ്ക്കാൻ സഹായകമാകും. ഇതാണ് പെട്ടന്ന് സ്വര്‍ണ വില മുന്നേറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് ആഗോള പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ആശങ്ക നിലവിലുണ്ട്.
സ്വര്‍ണ വില എങ്ങോട്ട്
യുദ്ധത്തെ അടിസ്ഥാനമാക്കിയാകും വില മുന്നേറുക. രാജ്യാന്തര വില 5,206– 5,250 ഡോളര്‍ മറികടന്നാല്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ നിഗമനം.