gold-jewellery

ആഭരണ പ്രേമികളെ ആശങ്കയിലാക്കി വീണ്ടും സ്വര്‍ണ വില മുന്നോട്ട്. പവന് 680 രൂപ വര്‍ധിച്ച് 1,19,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 14,970 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 520 രൂപ വര്‍ധിച്ചിരുന്നു. ‌ഇതോടെ പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 1,35,688 രൂപയോളം ചെലവാക്കേണ്ടി വരും. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും സഹിതമാണ് ഈ തുക. ആഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ച് വില യും കൂടും. കട്ടികുറഞ്ഞ 18 കാരറ്റ് പവന് 98400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12300 രൂപയായി. 

രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 5213.99 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഔൺസിന് 5,162 ഡോളർ എന്ന നിലയിലായിരുന്നു ഇന്നലെ രാവിലത്തെ സ്വര്‍ണ വില. എണ്ണ വില കുറഞ്ഞതോടെ പണപ്പെരുപ്പ ആശങ്കകള്‍ അകലുന്നതാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ  പലിശ നയത്തെ സ്വാധീനിക്കുന്ന യുഎസ് സാമ്പത്തിക കണക്കുകളില്‍ ചിലത് ഈ ആഴ്ച പുറത്തുവരാനുണ്ട്. ഇതിന് മുന്നോടിയായാണ് മുന്നേറ്റം. 

യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് ഇടപെടല്‍ നടത്തുന്നു എന്ന സൂചനകള്‍ക്കിടയിലാണ് എണ്ണ വില കുറഞ്ഞത്. ക്രൂഡ് ഓയിൽ വില കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ) ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വിപണിയിലിറക്കുമെന്ന് വ്യക്തമാക്കി. 182 മില്യണ്‍ ബാരലിലധികം എണ്ണ ഐഇഎ അംഗരാജ്യങ്ങള്‍ വിപണിയിലിറക്കുമെന്നാണ് സൂചന. അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ വിതരണം പ്രതിസന്ധിയിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കലുഷിതമായി തുടരുകയാണെങ്കില്‍ എണ്ണ വില വീണ്ടും ഉയരാനാണ് സാധ്യത. 

ENGLISH SUMMARY:

Gold prices are rising again, impacting jewelry enthusiasts. The current gold price in Kerala shows a significant increase per pavan and gram, making gold jewelry purchases more expensive.