AI Generated Image
ആഭരണ പ്രേമികള്‍ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ സംഭവിക്കുമോ? മുന്നോട്ടു മാത്രം കുതിക്കുന്ന സ്വര്‍ണ വിലയില്‍ കാര്യമായൊരു ഇടിവാണ് പലരുടെയും ആവശ്യം. പ്രതീക്ഷ പകര്‍ന്ന് കേരളത്തില്‍ മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഒരു പവന്‍റെ വിലയില്‍ മൂന്ന് ദിവസം കൊണ്ട് ഉണ്ടായ കുറവ് 1,480 രൂപയാണ്.
80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപയുടെ വ്യത്യാസമാണുള്ളത്. 8,945 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ആഭരണം വാങ്ങുന്നവര്‍ക്കും ഇതിലൂടെ ചെറുതെങ്കിലും ലാഭമുണ്ട്. ഇത്രയും നാളും കുതിച്ച സ്വര്‍ണ വിലയെ തണുപ്പിക്കുന്ന ഘടകങ്ങളെന്താകും?
വീണ്ടും ചൈനയും യുഎസും
ഏപ്രിലില്‍ 3,500 ഡോളറിലെത്തിയ സ്പോട്ട് ഗോള്‍ഡ് സര്‍വകാല ഉയരം കുറിച്ചിരുന്നു. ഇതിന് ശേഷം വില താഴേക്ക് വന്നത് യുഎസും– ചൈനയും വ്യാപാര യുദ്ധത്തില്‍ വെടിനിര്‍ത്തിയതോടെയാണ്. താരിഫുകള്‍ കുറച്ചതോടെയാണ് കേരളത്തില്‍ സ്വര്‍ണ വില 69,000 രൂപ നിലവാരത്തിലേക്ക് എത്തി. ഇന്ന് ഒരു വേള 3,300 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര സ്വര്‍ണ വില 3,328 ഡോളറിലാണുള്ളത്.
യുഎസും ചൈനയും തന്നെയാണ് ഇന്നും വില കുറയാനുള്ള പ്രധാന കാരണം. ലണ്ടനില്‍ ഇരു രാജ്യങ്ങളും വ്യാപാര കരാറിനെ പറ്റി ഉന്നതതല ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലെ പുരോഗതിക്ക് അനുസരിച്ച് കരുതലോടെയാണ് നിക്ഷേപകര്‍ നീങ്ങുന്നത്. ഇതാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഒപ്പം ഡോളര്‍ സൂചിക മുന്നേറുന്നതും സ്വര്‍ണ വിലയെ താഴോട്ടേക്ക് എത്തിച്ചു.
ഇനി എങ്ങോട്ട്
നികുതിയും റെയര്‍ എര്‍ത്ത് എക്സ്പോര്‍ട്ടുമാണ് യുഎസ്– ചൈന ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. ചര്‍ച്ചയില്‍ നിന്നും അനുകൂല തീരുമാനങ്ങളുണ്ടായാല്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍റ് കുറയുകയും വില താഴേക്ക് പോവുകയും ചെയ്യും. ചർച്ചകൾ നന്നായി പുരോഗമിക്കുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞത്. യുഎസുമായുള്ള സംഘര്‍ഷത്തിനി പിന്നാലെ ചൈനയുടെ കയറ്റുമതി മേയില്‍ മൂന്നു മാസത്തെ താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം യുഎസില്‍ നിന്നും വന്ന മികച്ച തൊഴില്‍ റിപ്പോര്‍ട്ടിന് പിന്നാലെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞിരുന്നത്. ഇതിനൊപ്പം യു.എസ്– ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ കുറയുന്നു എന്ന സൂചനകള്‍ സ്വര്‍ണത്തിന്‍റെ 'സുരക്ഷിത നിക്ഷേപം' എന്ന ഡിമാന്‍റിനെയും ഇടിക്കുകയാണ്. എന്നാല്‍ ബുധനാഴ്ച യുഎസിലെ പണപ്പെരുപ്പ കണക്ക് പുറത്തുവരും. പ്രതീക്ഷിച്ചതിനേക്കാള്‍ പണപ്പെരുപ്പം ഉയര്‍ന്നാല്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍റ് ഉയരുകയും സ്വര്‍ണ വില വര്‍ധിക്കുകയും ചെയ്യാം.