bank-loan

AI Generated Image

സോറി, താങ്കള്‍ക്ക് സിബില്‍ സ്കോര്‍ കുറവാണ്, ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്...വായ്പക്കായി ബാങ്കിനെ സമീപിക്കുന്നവരുടെ മുഖം മങ്ങുന്ന സാഹചര്യമാണ് ഇത്. മിനിമം സിബില്‍ സ്കോര്‍ വേണമെന്ന നിബന്ധന പലരേയും വലയ്ക്കാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമീപനം സിബില്‍ സ്കോര്‍ കുറഞ്ഞവര്‍ക്ക് പ്രതീക്ഷയാകുന്നു. 

ആദ്യമായി ലോണ്‍ അപേക്ഷിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതും അല്ലെങ്കില്‍ വളരെ കുറവാണെന്നതും മാത്രമെന്ന കാരണം കാണിച്ച് ബാങ്കുകള്‍ക്ക് അവരുടെ അപേക്ഷ നിരസിക്കാനാവില്ലെന്ന് ധനകാര്യ കാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനത്തില്‍ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായി ലോണ്‍ നല്‍കുന്നവര്‍ക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ലെന്നത് മാത്രം കാരണമായി അപേക്ഷ തള്ളരുതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നു പങ്കജ് ചൗധരി ഓര്‍മിപ്പിച്ചു. 

ലോണ്‍ അപേക്ഷകള്‍ക്ക് മിനിമം ക്രെഡിറ്റ് സ്‌കോര്‍ നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങള്‍ക്കും വ്യാപകമായ നിയമാനുസൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വായ്പാ തീരുമാനങ്ങള്‍ എടുക്കുന്നത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ള വിവരങ്ങള്‍ നിരവധി ഘടകങ്ങളിലൊന്നായിരിക്കുമെന്നും ധനസഹമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സിബില്‍ സ്‌കോര്‍ എന്താണ്? 

300 മുതല്‍ 900 വരെയുള്ള മൂന്ന് അക്ക സംഖ്യ. വ്യക്തിയുടെ വായ്പാ യോഗ്യത നിര്‍ണയിക്കുന്നത് ഈ സ്കോറാണ്. ഇന്ത്യയിലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL) ആണ് ഈ സ്‌കോര്‍ നല്‍കുന്നത്. വ്യക്തിഗത, സ്വര്‍ണ്ണ, ഹൗസിംഗ്, മറ്റ് ബാങ്ക് വായ്പകള്‍ എന്നിവയ്ക്കുള്ള യോഗ്യത നിര്‍ണയിക്കാന്‍ സാധാരണയായി ഇത് ഉപയോഗിക്കുന്നു. 

സിബില്‍ സ്‌കോര്‍ നിര്‍ബന്ധമല്ല, പക്ഷേ പരിശോധന നിര്‍ബന്ധം 

സിബില്‍ സ്‌കോര്‍ നിര്‍ബന്ധമല്ലെങ്കിലും, അപേക്ഷകരുടെ പശ്ചാത്തല പരിശോധനയും വേണ്ടത്ര കരുതലുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. അപേക്ഷകരുടെ മുന്‍കാല വായ്പാ ചരിത്രം, തിരിച്ചടവ് ശൈലി, വൈകിയ തിരിച്ചടവ്, തീര്‍പ്പാക്കിയ വായ്പകള്‍, പുനഃസംഘടിപ്പിച്ച വായ്പകള്‍, എഴുതിമാറ്റിയ വായ്പകള്‍ എന്നിവ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് പരമാവധി 100 രൂപ വരെ ഈടാക്കാം. അതിലധികം പിരിവ് അനുവദനീയമല്ല. ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കുന്നതിനുള്ള ഫീസ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് റെഗുലേഷന്‍സ്, 2006 പ്രകാരം ആര്‍.ബി.ഐ ആണ് നിയന്ത്രിക്കുന്നത്.  

ENGLISH SUMMARY:

CIBIL score is not mandatory for loan applications, according to recent statements from the Finance Ministry. Banks must conduct due diligence, but can't reject applications solely based on low or no credit history.