പണനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണ പണയത്തിലും റിസര്‍വ് ബാങ്കിന്‍റെ ആശ്വാസം. ലോണ്‍ ടു വാല്യു റേഷ്യോ 75 ശതമാനത്തില്‍ നിന്നും 85 ശതമാനമായി ഉയര്‍ത്തി. അതായത് പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്‍റെ വിപണി വിലയുടെ 85 ശതമാനം വരെ ഇനി ഇടപാടുകാര്‍ക്ക് വായ്പ തുകയായി ലഭിക്കും. നേരത്തെ ഇത് 75 ശതമാനമായിരുന്നു.
Also Read: റിസര്‍വ് ബാങ്ക് റീപ്പോ റേറ്റ് കുറച്ചു; സാധാരണക്കാര്‍ക്കുള്ള നേട്ടം ഇതാണ്
നേരത്തെ 1 ലക്ഷം രൂപയുടെ സ്വര്‍ണം പണയപ്പെടുത്തിയവര്‍ക്ക് ലഭിച്ചിരുന്നത് 75,000 രൂപയായിരുന്നു. മാറ്റങ്ങള്‍ പ്രകാരം 85,000 രൂപ വരെ വായ്പ ലഭിക്കും. സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്ന സമയത്തെ തീരുമാനം അത്യാവശ്യ ഘട്ടങ്ങളില്‍ സ്വര്‍ണം പണയം വെയ്ക്കുന്ന സാധാരണക്കാര്‍ക്ക് ഇരട്ടി നേട്ടമാകും.
2.50 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന ചെറുകിടക്കാര്‍ക്കാണ് പുതിയ തീരുമാനം ബാധകമാവുക. 2.50 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ വായ്പകള്‍ക്ക് ആര്‍ബിഐ ക്രെഡിറ്റ് അപ്രൈസല്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വായ്പ നല്‍കുന്നതിന് മുന്‍പ് ഇടപാടുകാരന്‍റെ ക്രെഡിറ്റ് ചരിത്രം വിലയിരുത്തുന്നതാണ് ക്രെഡിറ്റ് അപ്രൈസൽ. വരുമാന സ്ഥിരത, ക്രെഡിറ്റ് സ്കോർ അടക്കമുള്ള കാര്യങ്ങളാണ് ബാങ്കുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കുക. ക്രെഡിറ്റ് സ്കോർ മോശമായതിനാൽ വായ്പ ലഭിക്കാതെ പോകുന്നവർക്ക് ഇത് വലിയ ആശ്വാസം പകരും.
Also Read: വിസ്കി വിൽക്കാൻ വിജയ് മല്യ തുടങ്ങിയ ആർസിബി; താരങ്ങളുടെ ശമ്പളം മുടങ്ങിയ ടീം; ഇന്ന് റിയൽ ചാംപ്യൻസ്
വായ്പയെടുക്കുന്നയാള്‍ക്ക് ഈട് നല്‍കുന്ന സ്വര്‍ണത്തിന്‍റെ ഇൻവോയ്സ് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. സ്വര്‍ണ പണയത്തിന് ശേഷം തുക ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത് മുൻഗണനാ വായ്പകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഇന്ന് വൈകിട്ടോടെയോ തിങ്കളാഴ്ചയോ ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
വാര്‍ത്തയ്ക്ക് പിന്നാലെ സ്വര്‍ണ പണയ ബിസിനസ് നടത്തുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില 5-7 ശതമാനം വരെ ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് 6.98 ശതമാനം ഉയര്‍ന്ന് 2454.80 രൂപയിലാണ് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് 5.64 ശതമാനം നേട്ടത്തോടെ 247.80 രൂപയിലും ഐഐഎഫ്എല്‍ ഫിനാന്‍സ് 5.20 ശതമാനം നേട്ടത്തോടെ 451.50 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.