സമീപകാലത്ത് വലിയ ഇടിവാണ് ഇന്ത്യന്‍ ഓഹരി സൂചികയിലുണ്ടായത്. പല മികച്ച ഓഹരികളും 'കുറഞ്ഞ വില'യില്‍ ലഭ്യമായി എന്നതാണ് ഓഹരി വിപണിയിലെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഈ ഇടിവ് ഫലപ്രദമായി ഉപയോഗിച്ചു.
കഴിഞ്ഞ പാദത്തില്‍ (സെപ്റ്റംബര്‍–ഡിസംബര്‍) എല്‍ഐസി തങ്ങളുടെ പോര്‍ട്ട്ഫോളിയോ കാര്യമായി റീബാലന്‍സ് ചെയ്തതായി കാണാം. വിവിധ ഓഹരികള്‍ വിറ്റും പ്രധാനപ്പെട്ടവയിലെ പങ്കാളിത്തം ഉയര്‍ത്തുകയും ചെയ്തതോടെ എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ എല്‍ഐസിക്കുള്ള നിക്ഷേപം 3.51 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, പത്ഞ്ജലി ഫുഡ്സ്, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്, നെസ്‍ലെ അടക്കം നിരവധി ഓഹരികളാലാണ് എല്‍ഐസി നിക്ഷേപം നടത്തിയത്. ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ്, വോള്‍ട്ടാസ്, ഡിവിസ് ലാബോറട്ടറീസ്, കോഫേര്‍ജ്, എച്ച്പിസിഎല്‍ എന്നിവയാണ് എല്‍ഐസി നിക്ഷേപം കുറച്ച ഓഹരികള്‍.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ബിസിനസ് നടത്തുന്ന പ്രൊക്ടര്‍ ആന്‍ഡ് ഗാംബിൾ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഓഹരിയാണ് പ്രധാനപ്പെട്ടത്. നേരത്തെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു കമ്പനിയില്‍ എല്‍ഐസിക്കുണ്ടായിരുന്ന ഓഹരി പങ്കാളിത്തം. ഇത് 4.23 ശതമാനമാക്കി ഉയര്‍ത്തി.
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 4.05 ശതമാനം നിക്ഷേപം 7.10 ശതമാനമാക്കി ഉയര്‍ത്തി. പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡില്‍ എല്‍ഐസി ഓഹരി പങ്കാളിത്തം 2.42 ശതമാനമാണ്. നേരത്തെയിത് ഒരു ശതമാനത്തിലും താഴെയായിരുന്നു. നെസ്ലെ ഇന്ത്യയില്‍ 4.12 ശതമാനമായും പതഞ്ജലി ഫുഡ്സില്‍ 5.16 ശതമാനമായും എല്‍ഐസി ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)